പീരുമേട്: കാണാതായ അമ്മ തിരിച്ചുവരുന്നതുംകാത്ത് ആ കുടുംബം ഏഴുദിവസം കാത്തിരുന്നു. ഒടുവിൽ …
കൊക്കയാറിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ട് കാണാതായ ചേംബ്ലാനിക്കൽ സാബുവിന്റെ ഭാര്യ ആൻസിയുടെ മൃതദേഹം ഏഴാംദിവസമാണ് ഇന്നലെ കണ്ടെത്തിയത്.
സാബുവിന്റെ കണ്മുന്പിൽവച്ചാണ് ആൻസി വീടിനുള്ളിൽ കുടുങ്ങിപ്പോയത്. വീടിന്റെ ജനൽ കന്പിയിൽ പിടിച്ചുനിൽക്കുന്ന ആൻസിയെയാണ് സാബു അവസാനമായി കണ്ടത്.
വീട്ടിൽ വെള്ളം കയറിയപ്പോൾ വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ട് മടങ്ങിയെത്തിയപ്പോഴേക്കും വീടിനൊപ്പമെത്തിയ വെള്ളം ആൻസിയെയുംകൊണ്ട് മണിമലയാറ്റിൽ പതിച്ചിരുന്നു.
നാട്ടിലും തൊഴിലുറപ്പ് ജോലികളിലും നിറസാന്നിധ്യമായിരുന്നു ആൻസി. മുപ്പത് വർഷംമുന്പ് സാബുവിന്റെ കൈപിടിച്ച് ചേംബ്ലാനിക്കൽ വീട്ടിൽ എത്തിയ നാൾമുതൽ ഭർത്താവിനൊപ്പം എല്ലാ സഹായങ്ങൾക്കും ആൻസിയുമുണ്ടായിരുന്നു.
മണിമലയാർ ആറുമണിക്കൂർ കരകവിഞ്ഞൊഴുകിയപ്പോൾ ഈ കുടുംബത്തിന് ഉണ്ടായത് നികത്താനാവത്ത നഷ്ടമാണ്.