നാദാപുരം: അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ 300 രൂപയും എസി മുറിയും ആവശ്യപ്പെട്ട യുവാവിനു സുഹൃത്തുക്കളുടെ വക പൊതിരെ തല്ല്.
നാദാപുരം ബസ് സ്റ്റാൻഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നാദാപുരം സ്വദേശിനിയായ വീട്ടമ്മയോടു ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആവാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു.
നാട്ടുകാരാണു സ്ത്രീയുടെ ചികിത്സയ്ക്കു മുൻകൈ എടുത്തിരുന്നത്. ഇതേത്തുടർന്നു മകനോട് ആശുപത്രിയിൽ കൂട്ടിരിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിനു തയ്യാറാവാതെ യുവാവ് സ്വകാര്യ ബസിൽ ക്ലീനർ ജോലി ചെയ്യുകയായിരുന്നു. വീട്ടമ്മയെ ആശുപത്രിയിൽ കൊണ്ടുപോവാൻ ആംബുലൻസ് ഉൾപ്പെടെ സജ്ജീകരിച്ചു കാത്തുനിന്നെങ്കിലും മകൻ എത്തിയില്ല.
ഇതേത്തുടർന്നു വീട്ടമ്മയെ ആംബുലൻസിൽ കയറ്റി നാട്ടുകാർ മകനെ തേടി ഇറങ്ങി.
ഇതിനിടയിൽ ബസ് നാദാപുരം സ്റ്റാൻഡിൽ എത്തിയപ്പോൾ മകനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ദിനം പ്രതി 300 രൂപയും താമസിക്കാൻ എസി മുറിയും ആവശ്യപ്പെട്ടത്.
രോഗിയായ അമ്മയുമായി ആംബുലൻസ് നാദാപുരം ബസ് സ്റ്റാൻഡിൽ എത്തി. ബസിൽ നിന്നു പുറത്തിറക്കിയ യുവാവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതായതോടെ സഹികെട്ട സുഹൃത്തുക്കൾ “കൈകാര്യം’ ചെയ്തു അമ്മയോടൊപ്പം ആംബുലൻസിൽ കോഴിക്കോട്ടേക്ക് അയച്ചു.