കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ കണ്ണൂർ അറയ്ക്കൽ സ്വരൂപത്തിന്റെ 39-ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി(87) അന്തരിച്ചു.
കബറടക്കം കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ നടത്തി. ഭർത്താവ്: പരേതനായ എ.പി. ആലിപ്പി (റിട്ട. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റർ ഓഫീസർ).
മക്കൾ: ആദിരാജ അബ്ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന. മരുമക്കൾ: ജെ.കെ. താഹിറ, സി.പി. അഷ്റഫ്, പരേതനായ എം.കെ. അഷ്റഫ്.
1957 മുതൽ 1980 മേയ് വരെ അറയ്ക്കൽ സ്വരൂപത്തിന്റെ സുൽത്താനായിരുന്ന ആദിരാജ ആമിന ബീവിയുടെയും കാപ്പാട്ടെ നടമ്മൽ കപ്പോളി അസൻഹാജിയുടെയും ഒൻപത് മക്കളിൽ എട്ടാമത്തെ മകളായി 1934ലായിരുന്നു മറിയുമ്മയുടെ ജനനം.
ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ വിയോഗത്തെ തുടർന്ന് 2019 മേയ് നാലിനാണ് മറിയുമ്മ അധികാരമേറ്റത്. ജ്യേഷ്ഠത്തി ആയിഷ മുത്തബീവി 1998 മുതൽ 2006 വരെ സുൽത്താൻ സ്ഥാനം വഹിച്ചിട്ടുണ്ട്.
ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ അറയ്ക്കലിന്റെ പുതിയ രാജാവ്
കണ്ണൂർ: അറയ്ക്കൽ രാജവംശത്തിന്റെ ഭരണാധികാരിയായി ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ അടുത്തദിവസം സ്ഥാനാരോഹണം നടത്തും.
അറയ്ക്കൽ രാജകുടുംബത്തിൽ രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഒരു രാജാവ് സ്ഥാനാരോഹണം നടത്താനിരിക്കുന്നത്.
ആൺ-പെൺ വ്യത്യാസമില്ലാതെ രാജകുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ രാജാവോ റാണിയോ ആയി ഭരണം നടത്തുക എന്നതാണ് അറയ്ക്കൽ രാജകുടുംബത്തിന്റെ കീഴ്വഴക്കം.
എന്നാൽ ആൺ-പെൺ വ്യത്യാസമില്ലാതെ ഭരണാധികാരിയെ സുൽത്താൻ എന്നാണ് വിളിക്കുന്നത്.
ഇന്നലെ അന്തരിച്ച സുൽത്താൻ ആദിരാജ മറിയുമ്മ (ചെറിയ ബീക്കുഞ്ഞി ബീവി-87)യ്ക്കുശേഷം രാജകുടുംബത്തിലെ ഏറ്റവും പ്രായമേറിയയാൾ എന്നനിലയ്ക്കാണ് എൺപതുകാരനായ ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ അറയ്ക്കലിന്റെ ചെങ്കോലും കിരീടവും അണിയാൻ പോകുന്നത്.
ആദിരാജ ഹംസ കോയമ്മ തങ്ങളായിരുന്നു ഇതിനുമുമ്പ് രാജാവായിരുന്നയാൾ. ഇദ്ദേഹത്തിന്റെ മരണശേഷം പിന്നീട് വനിതകളായിരുന്നു സിംഹാസനത്തിലിരുന്നിരുന്നത്.
ഇന്നലെ അന്തരിച്ച സുൽത്താൻ ആദിരാജ മറിയുമ്മയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായിക്കഴിഞ്ഞശേഷമായിരിക്കും ആദിരാജ ഹമീദ് ഹുസൈൻ കോയമ്മയുടെ സ്ഥാനാരോഹണം. പരേതയായ കല്ലുപുതിയ വീട്ടിൽ സഹീദയാണ് ഭാര്യ.
ഇബ്രാഹിം ഷമീസ് ഏക മകനാണ്. ഖദീദ ആദിരാജ, ഖൈറുന്നീസ ആദിരാജ, പരേതരായ ആദിരാജ ഇസ്മയിൽ കോയമ്മ, സക്കീന ആദിരാജ എന്നിവർ സഹോദരങ്ങളാണ്.