കടുവാക്കുളം: മുറികളിൽ തൂങ്ങിനിൽക്കുന്ന ഇരട്ട മക്കളുടെ മൃതദേഹം കണ്ട അമ്മയുടെ വിലാപം വീട്ടിലേക്കു കയറി ചെല്ലുന്ന നാട്ടുകാരുടെ കരളലിയിപ്പിക്കുന്നതായിരുന്നു.
ബാങ്കുകാർ തിരിച്ചടവ് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം വീട്ടിലെത്തിയശേഷം അവർ ആഹാരം പോലും കഴിച്ചിരുന്നില്ല.
കല്യാണ പ്രായം കഴിഞ്ഞശേഷവും അവരുടെ വിവാഹം നടത്താൻ എനിക്ക് സാധിച്ചില്ല.
കടുവാക്കുളം ഇടുങ്ങാടി പുതുപ്പറന്പിൽ നിസാറിന്റെയും നസീറിന്റെയും മരണവാർത്തയറിഞ്ഞ് ഓടിയെത്തിയവർക്കു മുന്നിൽ അമ്മയുടെ ദുഃഖം അണപൊട്ടിയൊഴുകി.
കടുവാക്കുളം ഇടുങ്ങാടി ഭാഗത്തെ രണ്ടു വീടുകൾ 2019 ലാണ് ഇരുവരും ചേർന്നു വാങ്ങി താമസമാക്കിയത്. ഈ കുടുംബത്തെക്കുറിച്ചു പരിസരവാസികൾക്കുപോലും വലിയ അറിവുണ്ടായിരുന്നില്ല.
ഒരു വീട്ടിൽ മാതാവും മറ്റൊരു വീട്ടിൽ സഹോദരങ്ങളുമാണു കിടന്നിരുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം ഇരുവരും സമീപത്തെ വീട്ടിൽ കിടക്കാനായി പോകുകയായിരുന്നു.
രാവിലെയായിട്ടും ഇരുവരെയും കാണാതെ വന്നതോടെ മാതാവ് ഫാത്തിമ എത്തിയപ്പോഴാണ് രണ്ടുപേരെയും രണ്ടു മുറികളിൽ തൂങ്ങിനിൽക്കുന്നതായി കണ്ടെത്തിയത്.
ഇടുങ്ങാടിയിലെ വീട് വാങ്ങുന്നതായി 2019 ൽ 13 ലക്ഷം രൂപ എടുത്തിരുന്ന വായ്പ കുടിശികയും പലിശയും അടക്കം ഇപ്പോൾ 17 ലക്ഷം രൂപയായി.
ക്രെയിൻ ഓപ്പറേറ്ററായിരുന്നു നിസാർ. നാസർ കൂലിപ്പണിക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നു രണ്ടു വർഷമായി ഇരുവർക്കും കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല.
ജീവിതസാഹചര്യവും മോശമായിരുന്നു. ബാങ്കിൽ ലോണ് തിരികെ അടയ്ക്കുന്നതിൽ അടക്കം പ്രതിസന്ധി നേരിട്ടിരുന്നു.
രണ്ടാഴ്ച മുന്പ് ബാങ്കിൽനിന്നും ജീവനക്കാരനെത്തി കുടിശിക തുക അടച്ചില്ലെങ്കിൽ വീടിനു മുന്നിൽ ജപ്തി നോട്ടീസ് ഒട്ടിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി മാതാവ് ഫാത്തിമ പറയുന്നു.
ഇതേത്തുടർന്ന് അസ്വസ്ഥരായ ഇരുവരും വീട്ടിൽനിന്നും പുറത്തിറങ്ങിയിരുന്നില്ല. തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകളാണു മരണത്തിനു കാരണമായതെന്നു സംശയിക്കുന്നു.
തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നു ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയിരുന്നു. നേരത്തെ സഹോദരിയുടെ സ്ഥലം വിറ്റു ബാങ്കിലെ വായ്പ അടയ്ക്കാമെന്നു കരുതിയിരുന്നെങ്കിലും വിൽപന നടക്കാതെ വരികയായിരുന്നു.
വായ്പ തിരിച്ചടവിനായി ഇരുവരെയും ബാങ്കിൽനിന്നും വിളിക്കുന്പോൾ ഫോണ് എടുക്കാതെ വന്നതോടെയാണ് ജീവനക്കാർ വീട്ടിലെത്തിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
ജപ്തിഭീഷണി ഉണ്ടായിട്ടില്ലെന്ന് ബാങ്ക്
കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരൻമാർ ജീവനൊടുക്കിയത് ബാങ്കിന്റെ ജപ്തി ഭീഷണി മൂലമല്ലെന്നു കോട്ടയം അർബൻ ബാങ്ക് അധികൃതർ.
2019 മേയ് രണ്ടിനാണ് സ്ഥലം വാങ്ങാനുള്ള പർച്ചേസ് വായ്പയായി ഇരുവരും 13 ലക്ഷം രൂപ ബാങ്കിൽനിന്നും എടുത്തത്. ആ വർഷം മേയ് 28ന് 19,000 രൂപ ബാങ്കിൽ അടച്ചു.
ഇതിനുശേഷം ഒരു രൂപ പോലും അടച്ചിരുന്നില്ല. ഇതേ തുടർന്നു നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും എടുത്തിരുന്നില്ല.
സഹോദരിയുടെ പേരിൽ പാലക്കാടുള്ള സ്ഥലം വിറ്റശേഷം വായ്പ അടച്ചുതീർക്കാമെന്നാണ് അറിയിച്ചിരുന്നത്. ഇതും ഉണ്ടായില്ല.
ഇതോടെയാണ് ജീവനക്കാരൻ വീട്ടിലെത്തി വിവരം പറഞ്ഞത്. അല്ലാതെ ജപ്തി ഭീഷണി ഉണ്ടായിട്ടില്ലെന്നും ബാങ്ക് മാനേജർ ആൻസി ചാക്കോ പറഞ്ഞു. ജപ്തി നടപടികൾ ബാങ്ക് നേരിട്ട് സ്വീകരിക്കാറില്ല.
കോടതി നിയമിക്കുന്ന കമ്മീഷൻ മുഖേനയാണ് ജപ്തി നടപടികൾ സ്വീകരിക്കുന്നതെന്നും മാനേജർ അറിയിച്ചു.