ഒരു മനുഷ്യനു ചിന്തിക്കാൻ കഴിയാത്തത്ര ഭീകരമായിരുന്നു കോളിൻ എന്ന പെൺകുട്ടി കാമറോണിന്റെ അടിമത്താവളത്തിൽ നേരിട്ട അനുഭവങ്ങൾ.
ചങ്ങലകളിൽ ബന്ധിതയായി മൂന്നടി നീളവും നാലടി വീതിയുമുള്ള തടിപ്പെട്ടിയിൽ കൈയും കാലും യഥേഷ്ടം ചലിപ്പിക്കാനാകാതെ വിമ്മിഷ്ടപ്പെട്ടു കിടക്കേണ്ടി വന്ന രാത്രികൾ.
അതിഗൂഢമായി പണിതീർത്ത പെട്ടിയായിരുന്നു അത്. നിലവിളി പോലും പുറത്തുവരാതിരിക്കാൻ അതിനുള്ളിൽ സൗണ്ട്പ്രൂഫ് വസ്തുക്കൾ പതിച്ചിരുന്നു.
പല രാത്രികളിലും അവൾ ഭയത്തിൽ ശരീരം മരവിച്ചവളായി. കാമറോണ്‍ അവളെ പീഡിപ്പിക്കുന്പോൾ ജെനീസ് ഒന്നുംമിണ്ടാതെ അതു നോക്കിനിൽക്കുമായിരുന്നു.
എല്ലാം കണ്ട് ആനന്ദിക്കുന്ന ക്രൂരവിനോദം. തന്റെ കണ്മുന്നിലാണ് അവർ സഹശയനത്തിലേർപ്പെട്ടിരുന്നതെന്നും കൊളീൻ പറയുന്നു. കാമറോണ്‍ സാഡിസ്റ്റായിരുന്നു.
മറ്റുള്ളവരെ വേദനപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തിയിരുന്നയാൾ. അയാളുടെ അടിമയെന്ന് അവളെക്കൊണ്ടു കടലാസിൽ എഴുതി ഒപ്പിട്ടു വാങ്ങി. രക്ഷപ്പെടാൻ ശ്രമിച്ചാൽ അവളെയും കുടുംബത്തെയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.
കിടക്കയ്ക്കു കീഴെ ശവപ്പെട്ടി!
ആ വീട്ടിൽ നിന്നു കാരവൻ പോലെ സഞ്ചരിക്കാവുന്ന വീട്ടിലേക്കു കാമറോണും ജെനീസും താമസം മാറിയപ്പോഴാണ് ശവപ്പെട്ടി മോഡലിലുള്ള പെട്ടി പണിതീർത്തത്.
ദന്പതികളുടെ കിടക്കയ്ക്കു താഴെയായിരുന്നു പെട്ടി സ്ഥാപിച്ചത്. അവർ കൊളീനെ അതിൽ അടച്ചിട്ടു. കൊളീൻ ദിവസം 23 മണിക്കൂർ വരെ ആ പെട്ടിക്കുള്ളിൽ ബന്ധിതയായി.
പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനു പോലും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അതിനായി ബെഡ്പാൻ ഉപയോഗിക്കാൻ നിർബന്ധിതയായി.
ബോക്സിന്റെ ചെറിയ ദ്വാരത്തിലൂടെ ഒരു ഫാനിൽ നിന്നുള്ള കാറ്റ് കടന്നുവന്നിരുന്നതായിരുന്നു അതിലെ ആകെയുണ്ടായിരുന്ന സൗകര്യവും ആഡംബരവും.
ചൂടുകാലങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പെട്ടിക്കുള്ളിലെ താപനില. മനുഷ്യനെ പുഴുങ്ങിയെടുക്കുന്ന അവസ്ഥ. എന്നാൽ, എന്തു സംഭവിച്ചാലും ശബ്ദിച്ചു പോകരുതെന്നായിരുന്നു അവൾക്കുള്ള കർശന നിർദേശം.
പതിയെ പതിയെ താനൊരു അടിമയാണെന്ന ചിന്ത അവളുടെ മനസിലും വേരുറച്ചു. അവർ പറയുന്നത് അതേ പടി അനുസരിക്കുന്നതാണ് തന്റെ ജീവിത ദൗത്യമെന്ന് അവൾ വിശ്വസിച്ചു.
ഒന്നും രണ്ടുമല്ല നീണ്ട ഏഴു വർഷമാണ് കൊളീൻ അവരുടെ ഇംഗിതങ്ങൾക്കും പൈശാചികപ്രവൃത്തികൾക്കും വശംവദയാകേണ്ടിവന്നത്.
ദ കന്പനി
കൊളീൻ പെട്ടിക്കുള്ളിൽ കഴിയുന്ന കാലത്താണ് ജെനീസ് രണ്ടാമത്തെ കുട്ടിക്കു ജന്മം നല്‍കിയത്. അക്കാലങ്ങളിലൊക്കെ കൊളീൻ പലപ്പോഴും പട്ടിണിയിലായി. വെള്ളം പോലും കിട്ടാത്ത ദിവസങ്ങളുണ്ടായി.
രാത്രികളിൽ പെട്ടിക്കു പുറത്തെത്തിച്ച ശേഷം കാമറോണ്‍ അവളുടെ ശരീരം പൊളളിച്ചു. ഷോക്കടിപ്പിച്ചു. ചാട്ടകൊണ്ട് അടിച്ചു. മാനഭംഗത്തിനിരയാക്കി.
ദ കന്പനി എന്ന ഷാഡോ പ്രസ്ഥാനത്തിന്റെ ഭാഗമാണു താനെന്നും കാമറോണ്‍ അവളെ നിരന്തരം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. കടന്നുകളയാൻ ശ്രമിച്ചാൽ മരണമായിരിക്കും ഫലമെന്നും ഭീഷണികൾ.
അനുവാദമില്ലാതെ പുറത്തുവന്നാൽ വെടിയുണ്ട ശിരസു തകർക്കുമെന്നു ജാനിസും പേടിപ്പിച്ചു. അവർ കൊളീന്റെ പേരു പോലും മാറ്റി.
അവർ അവളെ കെ എന്നു വിളിച്ചു. കാമറോണിനെ മാസ്റ്ററെന്നും ജാനിസിനെ മാം എന്നും വിളിക്കാൻ പ്രേരിപ്പിച്ചു.
(തുടരും).