ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളികളുടെ പ്രിയതാരം കെ.ടി. ഇര്ഫാന് 20 കിലോമീറ്റര്‍ നടത്തത്തില്‍ 24-ാം സ്ഥാനം മാത്രം. ഇന്ത്യക്കു വേണ്ടിയിറങ്ങിയ ദേവീന്ദര്‍ സിംഗ് 50-ാം സ്ഥാനത്തും ഗണപതി കൃഷ്ണന് 54-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ പുതിയ റിക്കാര്‍ഡോടെ കൊളംബിയയുടെ എയ്ഡര്‍ അറിവാലോ സ്വര്‍ണവും റഷ്യയുടെ സെര്‍ജി ഷിറോബോകോവ് വെള്ളിയും ബ്രസീലിന്റെ കായോ ബോന്‍ഫിം വെങ്കലവും നേടി.
ലണ്ടന്‍ ഒളിമ്പിക്സില്‍ ഇര്ഫാന് 10-ാം സ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു. വനിതകളില്‍ ഇന്ത്യയുടെ കുശ്ബീര്‍ കൗര്‍ 42-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ചൈനയുടെ ജായിയു യാംഗിനാണ് സ്വര്‍ണം. മെക്സിക്കോയുടെ മരിയ ഗൊണ്‍സാലസ് വെള്ളിയും ഇറ്റലിയുടെ അന്റോണെല്ല പാല്‍മിസാനോ വെങ്കലവും നേടി.
വനിതകളുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ലോകറിക്കാര്‍ഡ് സ്ഥാപിച്ച് പോര്‍ച്ചുഗലിന്റെ ഇനസ് ഹെന്റിക്സ് സ്വര്‍ണം നേടി. സമയം 4:05:56. ചൈനയുടെ ഹാന്ഗ് യിന് വെള്ളിയും ഷുകിംഗ് യാംഗ് വെങ്കലവും നേടി. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ലോകറിക്കാര്ഡാണിത്.
പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ കടന്ന ഇന്ത്യയുടെ ദേവീന്ദര്‍ സിംഗ് കാംഗിന് 12-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 80.2 മീറ്ററാണ് കാംഗിന്റെ ദൂരം. ഈയിനത്തില്‍ ജര്‍മനിയുടെ ജൊഹാനസ് വെറ്റര്‍ 89. 89 കണ്ടെത്തി സ്വര്‍ണം നേടി. ചെക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്ഡഷ് വെള്ളിയും പീറ്റര്‍ ഫ്രഡ്രിച്ച് വെങ്കലവും നേടി.