വൈക്കം: വൈക്കം നഗരത്തിലും ബോട്ടുജെട്ടി പരിസരത്തും കായലോര ബീച്ചിലും കൗമാരക്കാരായ വിദ്യാര്‍ഥിനികളുമായി ചുറ്റിയടിക്കുന്നവര്ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് ആവശ്യം.
ഇന്നലെ വൈക്കം പടിഞ്ഞാറെ നടയിലെ ബസ്ബേയില്‍ കൗമാരക്കാരിയായ വിദ്യാര്‍ഥിനിയെ അടുപ്പക്കാരനായ യുവാവ് പൊതുജനങ്ങള്‍ക്കു മുമ്പിലാണ് ശല്യം ചെയ്തത്.
മിനിട്ടുകളോളം സഭ്യതയുടെ അതിരുവിട്ടുള്ള പെരുമാറ്റമുണ്ടായതോടെയാണ് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചത്. പോലിസ് എത്തി ഇവരെ ഗുണദോഷിച്ചു മടങ്ങിയശേഷം കുറച്ചു നേരം മാറിനിന്ന യുവാവ് വീണ്ടുമെത്തി വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തി.
നാട്ടുകാര്‍ വീണ്ടുമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തലയാഴം കൂവം സ്വദേശിയായ യുവാവിനേയും സുഹൃത്തിനേയും പോലിസ് കസ്റ്റഡിയില്‍ എടുത്തു. യുവാവിനെ പിന്നീട് പോലീസ് പെറ്റികേസെടുത്തശേഷം വിട്ടയച്ചു.
വൈക്കത്തെ ബോട്ടുജെട്ടി പരിസരത്തു സ്കൂള്‍ വിദ്യാര്ഥിനികളുമായെത്തുന്ന യുവാക്കളെ പലപ്പോഴും സഹികെടുമ്പോള്‍ നാട്ടുകാരാണു പറഞ്ഞു വിടുന്നത്. കഴിഞ്ഞ ദിവസം രാവിലെ 8.30നു കായലോര ബീച്ചിലെ പൊന്തക്കാടുകള്‍ നീക്കാനെത്തിയ നഗരസഭ അധികൃതര്‍ ആലപ്പുഴ ജില്ലയിലുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ യുവാവിനൊപ്പം കണ്ടു ഞെട്ടി.
കായലോര ബീച്ചിലും നഗരത്തിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു പോലിസ് നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.