വളപട്ടണം: സഹപാഠിയായ കാമുകിയേയും കൂട്ടി ചുറ്റിക്കറങ്ങിയ കാമുകന് കിട്ടിയത് എട്ടിന്റെ പണി. വളപട്ടണം സ്വദേശിനിയായ 17 കാരി കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്നതിനിടെയാണ് അതേ സ്ഥാപനത്തിലെ വിദ്യാർഥിയുമായി പരിചയപ്പെടുന്നതും പ്രണയത്തിലേക്ക് വളർന്നതും.
സഹപാഠി മകളെ ബൈക്കിൽ കൂട്ടി കറങ്ങുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ വളപട്ടണം പോലീസിൽ പരാതിയുമായി എത്തി.
പരാതി പരിശോധിച്ച പോലീസ് കാമുകനെ പിടികൂടാൻ തന്നെ തീരുമാനിച്ചു. പെൺകുട്ടി പഠിക്കുന്ന കോളജിന് സമീപം എത്തിയ പോലീസ് കാമുകനെ കൈയോടെ പിടികൂടി.
വളപട്ടണം സ്വദേശിനിയുടെ പെൺസുഹൃത്തും കാമുകനുമാണ് ഇവർക്ക് സഹായം ചെയ്തു നൽകുന്നതെന്ന് പോലീസിന് മനസിലായി.
പല ദിവസങ്ങളിലും പെൺകുട്ടിയുടെ വളപട്ടണത്തെ വീടിന് പരിസരത്തെത്തിയാണ് കാമുകൻ ബൈക്കിൽ പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നത്.
തുടർന്ന് പ്രശ്നത്തിലിടപെട്ട പോലീസ് കമിതാക്കളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു.
ഇത് ആവർത്തിച്ചാൽ കാമുകനായ വിദ്യാർഥിയുടെ പേരിൽ കേസെടുക്കുമെന്ന ശക്തമായ താക്കീത് നൽകിയതിനെ തുടർന്ന് കാമുകൻ പിന്മാറുകയായിരുന്നു.
സംഭവം ആവർത്തിക്കാതിരിക്കാൻ ശക്തമായി ഇടപെടുമെന്ന് രക്ഷിതാക്കളും പോലീസിന് ഉറപ്പുനൽകിയതോടെയാണ് പ്രശ്നത്തിന് വിരാമമായത്.