മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെതിരേ ക്രിമിനൽ കേസ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെ എന്ന ഹിന്ദുവായിരുന്നെന്ന പരാമർശത്തിലാണ് കേസ്. ഹിന്ദു സംഘടനകളുടെ പരാതിയിൽ തമിഴ്നാട്ടിലെ അറവാകുറിച്ചി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതടക്കമുള്ള കുറ്റങ്ങൾ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സംസാരിക്കവെയാണ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയാണെന്ന് കമൽഹാസൻ പറഞ്ഞത്.
ഇതൊരു മുസ്ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഞാൻ ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെ ഉള്ളതുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദിയെന്നത് ഒരു ഹിന്ദുവാണ്. പേര് നാഥുറാം ഗോഡ്സെ- കമൽ പറഞ്ഞു. വിവിധ മതവിശ്വാസങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാമർശം വാർത്തകളിൽ ഇടംപിടിച്ചതോടെ പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ രംഗത്തെത്തി. കമൽഹാസന്റെ നാവരിയണമെന്നും മക്കൾ നീതി മയ്യത്തിന് വിലക്കേർപ്പെടുത്തണമെന്നും തമിഴ്നാട് മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി ആവശ്യപ്പെട്ടു.