കൂരോപ്പടയില്‍ കമ്മല്‍ വിനോദും കുടുംബവും താമസിക്കാനെത്തി, നാട്ടുകാരുടെ കഷ്ടകാലവും തുടങ്ങി ! ഗൃഹനാഥന്റെ തലയടിച്ചു പൊട്ടിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍…

കോട്ടയം: കുരുമുളക് സ്‌പ്രേ അടിച്ചശേഷം ഗൃഹനാഥന്റെ തലയടിച്ചു പൊട്ടിച്ച കേസില്‍ അറസ്റ്റിലായത് കൊലക്കേസ് പ്രതിയുടെ മൂന്നു പേരടങ്ങുന്ന കുടുംബം.

രണ്ടു കൊലപാതക കേസുകളില്‍ പ്രതിയായ കൂരോപ്പട വെട്ടമറ്റം വിനോദ് (കമ്മല്‍ വിനോദ്-44), ഭാര്യ കുഞ്ഞുമോള്‍- (39), മകന്‍ വിശ്വജിത്ത് (18) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ കൂരോപ്പട മുതിയാക്കല്‍ എം.എ. മാത്യു (കുഞ്ഞുമോന്‍-68) പാന്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കമ്മല്‍ വിനോദും കുടുംബവും കൂരോപ്പടയില്‍ താമസിക്കാന്‍ എത്തിയതു മുതല്‍ പരിസരവാസികള്‍ക്കു തലവേദനയാണ്. ഒട്ടുമിക്കപ്പോഴും വിനോദും കുടുംബവും നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും അസഭ്യവര്‍ഷം നടത്തുന്നതും പതിവാണ്.

ഇയാള്‍ നാട്ടുകാരെ ആക്രമിക്കുകയും വാക്കേറ്റമുണ്ടാക്കുകയും ചെയ്തിരുന്നു. ആദ്യകാലങ്ങളില്‍ ഇവര്‍ക്കെതിരേ പലരും പോലീസില്‍ പരാതി നല്കിയിരുന്നെങ്കിലും പിന്നീട്‌ പരാതി നല്കുന്നവരെ വിനോദ് ഭീഷണപ്പെടുത്താന്‍ തുടങ്ങിയതോടെ ആരും പരാതി നല്കാത്ത സ്ഥിതിയായി.


നിരന്തമായി സമീപവാസികളുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന ഇവര്‍ക്കെതിരെ മാത്യു മുന്പു പരാതി നല്കിയിരുന്നുവെന്നും ഇതിന്റെ വൈര്യാഗമാണ് ഇന്നലത്തെ ആക്രമണത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.


ഞായാറാഴ്ച രാത്രി ഒന്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിക്കേറ്റ മാത്യുവിന്റെ വീട്ടിലേക്കുള്ള വഴിയില്‍ കമ്മല്‍ വിനോദ് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

കമ്മല്‍ വിനോദും ഭാര്യയും മകനും ചേര്‍ന്നു മാത്യുവിന്റെ കണ്ണിലേക്കു കുരുമുളക് സ്‌പ്രേ അടിച്ചശേഷം കന്പിവടി കൊണ്ടു മര്‍ദിക്കുകയായിരുന്നു.

മാത്യുവിന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കമ്മല്‍ വിനോദും കുടുംബവും രക്ഷപ്പെടുകയും ചെയ്തു.

മാത്യുവിന്റെ തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രിയില്‍ തന്നെ കമ്മല്‍ വിനോദിനെ പാന്പാടി പോലീസ് പിടികൂടിയിരുന്നു. ഇതറിഞ്ഞ ഭാര്യയും മകനും ഒളിവില്‍ പോകുകയായിരുന്നു.

തുടര്‍ന്നു രാത്രിയില്‍ തന്നെ കുഞ്ഞുമോളെയും വിശ്വജിത്തിനെയും പോലീസ് പിടികൂടി. സ്വന്തം പിതാവിനെ തൊഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനോദ്.

ഇതിനു പുറമേ നാളുകള്‍ക്കു മുന്പു ഭാര്യയുടെ കാമുകനെ വെട്ടിനുറുക്കിയ കേസിലാണ് വിനോദും ഭാര്യ കുഞ്ഞുമോളും പോലീസ് പിടിയിലായത്.

മറ്റൊരു സ്ഥലത്ത് താമസിച്ചിരുന്ന ഇവര്‍ ജയിലില്‍ നിന്നിറങ്ങിയശേഷമാണ് കൂരോപ്പടയില്‍ എത്തി താമസം തുടങ്ങിയത്.
നാളുകള്‍ക്കു മുന്പു മണര്‍കാട് എസ്‌ഐയെ കൈയ്യേറ്റം ചെയ്ത കേസിലാണ് വിനോദിന്റെ മകന്‍ വിശ്വജിത്തിനെ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരെയും റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment