രാമലീലയ്ക്കു ശേഷം ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കമ്മാര സംഭവത്തിലെ അദ്ദേഹത്തിന്റെ വ്യത്യസ്തമായ മൂന്നു ലുക്കുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിലെ നരച്ച മുടിയും ചുളുങ്ങിയ ത്വക്കും കട്ടിക്കണ്ണടയുമുള്ള വൃദ്ധ കഥാപാത്രത്തെ മുന്പ് പുറത്തിറങ്ങിയ കഥാപാത്രങ്ങളുമായി വരെ താരതമ്യം ചെയ്യുകയും ചെയ്തിരുന്നു.
ഈ രൂപമാറ്റത്തിലെ രഹസ്യത്തെക്കുറിച്ചു തുറന്നു പറയുകയാണ് സംവിധായകൻ രതീഷ് അന്പാട്ട്. നിരവധി ലുക്കുകൾ പരീക്ഷിച്ചതിനു ശേഷമാണ് ഇപ്പോഴുള്ള കമ്മാരനിലേക്ക് എത്തിയതെന്നും ദിലീപിന്റെ അച്ഛന്റെയും സംവിധായകൻ ലാൽ ജോസിന്റെ അച്ഛന്റെയും രൂപത്തിന്റെ കോന്പിനേഷനാണ് കമ്മാരനെന്നും അദ്ദേഹം പറയുന്നു.
ദിലീപിന് സ്വാഭാവികമായും അച്ഛന്റെ ഛായയുണ്ട്. ലാൽജോസിന്റെ അച്ഛനെ പലപ്പോഴും കണ്ടിട്ടുണ്ട്. മുഴുവനായി നരച്ച മുടിയാണ് അദ്ദേഹത്തിന്. വ്യത്യസ്തമായ മീശയും ഹെയർസ്റ്റെലുമുള്ള ലാൽജോസിന്റെ അച്ഛന്റെ രൂപം കൂടെ പരീക്ഷിച്ചപ്പോൾ കമ്മാരൻ വ്യത്യസ്തനായെന്ന് അദ്ദേഹം പറയുന്നു.
ദിവസവും അഞ്ചു മണിക്കൂർ മേക്കപ്പ് നടത്തിയതിനു ശേഷമാണ് ദിലീപിനെ കമ്മാരനാക്കിയത്. എൻ.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ്പ് സംഘമാണ് ഈ രൂപമാറ്റത്തിനു പിന്നിൽ. രാവിലെ എട്ടിന് ഷൂട്ടിംഗ് ആരംഭിക്കണമെങ്കിൽ പുലർച്ചെ മൂന്നിനു മേക്കപ്പ് തുടങ്ങണം. അഞ്ചു മണിക്കൂർ മാത്രമേ ഈ മേക്കപ്പ് നിലനിൽക്കുകയുള്ളൂവെന്നതിനാൽ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ.