കൊച്ചി: കൊല്ലപ്പെട്ട സുഹൃത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര് അറസ്റ്റില്‍.
കമ്മട്ടിപ്പാടം ചെറുതോട്ടില്‍ ഫ്രെഡി ബാബു ആല്‍ബര്‍ട്ട് (29), സജിത്, സെബി എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പ്രിന്‍സിപ്പല്‍ എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിന് രാത്രി 8.50നായിരുന്നു സംഭവം.
പ്രതികളുടെ സുഹൃത്തായ സജുന് എന്നയാളെ പരാതിക്കാരനായ കലൂര്‍ സ്വദേശിയായ കിരണ്‍ ആന്റണിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു.
സജുന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായിരുന്ന പത്തിന് പ്രതികള്‍ കൂലര്‍ കൊട്ടേക്കനാല്‍ ഈസ്റ്റ് അവന്യൂ റോഡിലുള്ള കിരണിന്റെ വീട്ടിലെത്തി അതിക്രമിച്ചു കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ഫ്രെഡി കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ടും സജിത്ത് ഹെല്‍മറ്റുകൊണ്ടും കിരണിന്റെ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
ഇത് തടയാനെത്തിയ കിരണിന്റെ സഹോദരന് കെവിനെയും സുഹൃത്ത് നിഖിലിനെയും ദേഹോപദ്രവം ഏല്‍പ്പിച്ചു. കിരണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.