പത്തനംതിട്ട: കാര്‍ റാലിയായെത്തിവഴിതടഞ്ഞ് യുവാവിന്റെ പിറന്നാള്‍ ആഘോഷം. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ആഘോഷിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പതു മുതല്‍ ഒരു മണിക്കൂര്‍ നീണ്ട പരിപാടി നഗരത്തില്‍ ഗതാഗതം തടസപ്പെടുത്തി. ഇരുപതോളം കാറുകളുമായി അമ്പതിലധികം യുവാക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
കമ്മട്ടിപ്പാടം എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ക്ലബ്ബാണ് ആഘോഷം സംഘടിപ്പിച്ചതെന്നു പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വിശദീകരിച്ചു.
നഗരത്തിലെ ഗതാഗതം തടസപ്പെടുത്തി ആഘോഷ പരിപാടി നടത്തിയവര്‍ക്കെതിരേ കേസെടുക്കുമെന്നു പത്തനംതിട്ട പോലീസ് പറഞ്ഞു.
ജനറല്‍ ആശുപത്രി, പത്തനംതിട്ട നഗരം, തിരുവല്ല, സ്റ്റേഡിയം റോഡ്, വെട്ടിപ്രം എന്നിവിടങ്ങളിലേക്കു പോകുന്ന നഗരത്തിലെ പ്രധാന ജംഗ്ഷനിലാണ് വഴിതടഞ്ഞ് ആഘോഷം അരങ്ങേറിയത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
ജില്ലയില്‍ മൂന്നാം തവണയാണ് പൊതുനിരത്തില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നത്. കാപ്പാ കേസ് പ്രതിയായ ഡിവൈഎഫഐ നേതാവ് മലയാലപ്പുഴയില്‍ നടുറോഡില്‍ പിറന്നാള്‍ ആഘോഷിച്ചത് വിവാദമായിരുന്നു.
കാപ്പ എന്നെഴുതിയ കേക്കാണ് അന്ന് മുറിച്ചത്. ഇലവുംതിട്ടയില്‍ മദ്യലഹരിയിലെത്തിയ സംഘവും പറക്കോട്ട് എക്സൈസ് ഓഫീസിന് സമീപം ലഹരി മാഫിയ സംഘവും നടുറോഡില്‍ പിറന്നാള്‍ ആഘോഷിച്ചു വിവാദമായിരുന്നു.
കഴിഞ്ഞ രാത്രിയില്‍ നഗരത്തില്‍ വഴിതടഞ്ഞു പിറന്നാള്‍ ആഘോഷിച്ചവര്‍ക്ക് സിപിഎം, ഡിവൈഎഫഐ ബന്ധമില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു പറഞ്ഞു.