ഓഹരി അവലോകനം / സോണിയ ഭാനു
ബുള്ളിഷ് ട്രൻഡിൽ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള ശ്രമത്തിലാണ്. മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധങ്ങൾ മറികടന്ന ഇൻഡക്സുകൾ കൂടുതൽ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം ഫണ്ടുകൾ. സെൻസെക്സ് 424 പോയിന്റും നിഫ്റ്റി 117 പോയിന്റും ഉയർന്നു. പിന്നിട്ട അഞ്ചാഴ്ചകളിൽ ബിഎസ്ഇ 1860 പോയിന്റ് മുന്നേറി.
നിഫ്റ്റി സൂചിക ചരിത്രനേട്ടത്തിന് കേവലം രണ്ട് ശതമാനം മാത്രം അകലെയാണ്. നിഫ്റ്റി ഓഗസ്റ്റിനു ശേഷം ആദ്യമായി 8,950 പോയിന്റ് മറികടന്നു. മാർച്ച് മധ്യത്തിൽ രേഖപ്പെടുത്തിയ 9,119 പോയിന്റ് ഈ റാലിയിൽ സൂചിക തകർക്കുമെന്ന വിശ്വാസം ഇതിനിടെ ഓപ്പറേറ്റർമാരിൽ ഉടലെടുത്തു. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ തിരിച്ചുവരവും മുന്നേറ്റ സാധ്യതകൾക്കു ശക്തിപകർന്നു.
വിദേശ ഫണ്ടുകൾ 1736.02 കോടി രൂപയുടെ വില്പന നടത്തിയപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2,836.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഈ മാസം വിദേശ ഫണ്ടുകൾ 9,359 കോടി രൂപ നിക്ഷേപിച്ചു. ജനുവരിയിൽ അവർ 1,177 കോടിയുടെ വില്പന നടത്തി. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 67.01ൽനിന്ന് 66.81ലേക്ക് ശക്തിപ്രാപിച്ചു.
ബോംബെ സൂചിക പോയവാരം 400 പോയിന്റിൽ അധികം ഉയർന്നതിനിടെ ആദ്യ പ്രതിരോധമായി സൂചിപ്പിച്ച 28,762 പോയിന്റ് ഭേദിച്ച് മുന്നേറിയെങ്കിലും സെക്കൻഡ് റെസിസ്റ്റൻസായ 29,056 പോയിന്റിനു കേവലം 20 പോയിന്റ് അകലെ 29,035ൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചു.
വാരാന്ത്യം സൂചിക 28,892 ലാണ്. ഈ വാരം സെൻസെക്സിന് 29,143 പോയിന്റിൽ വൻ കടന്പയുണ്ട്. ആദ്യ പ്രതിരോധം ഇന്നും നാളെയുമായി മറികടന്നാലും വീണ്ടും 29,292-29,753ൽ തടസങ്ങൾ നേരിടാം. സൂചികയുടെ താങ്ങ് 28,533-28,174 പോയിന്റുകളിലാണ്. 100, 200 ഡേ മൂവിംഗ് ആവറേജിനേക്കാൾ ഏറെ മുകളിൽ സൂചിക സഞ്ചരിക്കുന്നത് ബുൾ ഇടപാടുകരുടെ ആത്മവിശ്വാസം ഉയർത്തി.
സെൻസെക്സിന്റെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ പാരാബോളിക് എസ്എആർ ബുള്ളിഷാണ്. എന്നാൽ, എംഎസിഡി, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടായതിനാൽ ഏതൊരവസരത്തിലും തിരുത്തൽ സംഭവിക്കാം.
നിഫ്റ്റി 9,000 പോയിന്റിലെ നിർണായക കടന്പയും തകർത്ത് റാലി തുടരുമോ? അതോ ഉയർച്ച നേട്ടമാക്കി പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഓപ്പറേറ്റർമാർ നീക്കം നടത്തുമോ? വ്യക്തമായ ചിത്രത്തിനായി ഒരു വിഭാഗം ക്ഷമയോടെ ഉറ്റുനോക്കുന്നു.
പോയവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച തടസമായ 8,996ന് 16 പോയിന്റ് അകലെ 8,980ൽ സൂചിക തളർന്നു. വാരാന്ത്യം 8,939ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം 9,011 ലും 9,083ലും തടസം നേരിടാം. 9,119ലെ പ്രതിരോധം ദേഭിച്ചാൽ മാർച്ചിൽ നിഫ്റ്റി 9,187നെ ലക്ഷ്യമാക്കി നീങ്ങും. വിപണിക്ക് തിരിച്ചടി നേരിട്ടാൽ 8,835-8,731ൽ താങ്ങുണ്ട്.
മുൻനിരയിലെ പത്തിൽ എട്ടു കന്പനികളുടെ വിപണി മൂല്യത്തിൽ വർധന. മൊത്തം 66,707.62 കോടി രൂപയുടെ വിപണി മൂല്യം ഉയർന്നു. ആർഐഎലിന്റെ വിപണി മൂല്യത്തിൽ 34,790.41 കോടി രൂപയുടെ വർധന. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, ഒഎൻജിസി, ഇൻഫോസിസ്, എസ്ബിഐ, കോൾ ഇന്ത്യ, ഒഎൻജിസി എന്നിവയ്ക്കും നേട്ടം.
ചൈനീസ് മാർക്കറ്റായ ഷാങ്ഹായ് ഒഴികെ ഏഷ്യയിലെ പ്രമുഖ ഇൻഡക്സുകൾ പലതും നഷ്ടത്തിലാണ്. യൂറോപ്യൻ ഓഹരിവിപണികളും തളർന്നു. അതേസമയം അമേരിക്കൻ മാർക്കറ്റുകൾ ബുള്ളിഷ് ട്രൻഡിലാണ്. 1992നു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഡൗ ജോണ്സ് സൂചികയിൽ ദൃശ്യമായത്.
ഡൗ സൂചിക 20,821ലേക്ക് ഉയർന്നു. തുടർച്ചയായ പതിനൊന്നാം ദിവസമാണ് റിക്കാർഡ് പ്രകടനം സൂചിക കാഴ്ചവയ്ക്കുന്നത്. എസ് ആൻഡ് പി 2,367ലും നാസ്ഡാക് സൂചിക 5,845 പോയിന്റിലുമാണ്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 54.03 ഡോളറായി. സ്വർണത്തിൽ ശക്തമായ കുതിപ്പ്. മഞ്ഞലോഹം 1,234 ഡോളറിൽനിന്ന് 1,260 വരെ കയറി.