വിഴിഞ്ഞം: പതിനേഴുകാരനായ കാമുകൻ പതിനാലുകാരിയായ കാമുകിയെ പാതിരാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോയി. പെൺകുട്ടിയെ തിരികെ കൊണ്ടുവരാൻ പെൺകുട്ടിയുടെ വീട്ടുകാരോടൊപ്പം പോയ പോലീസിനെ കാമുകൻ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കാഞ്ഞിരംകുളം സ്റ്റേഷനിലെ രണ്ട് പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി.
കാഞ്ഞിരംകുളം ചാവടി നട സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയും പുല്ലുവിള സ്വദേശിയായ പതിനേഴ്കാരനുമാണ് രാത്രിയിൽ ഒളിച്ചോടിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ക്ലാസ് കട്ട് ചെയ്ത് കറങ്ങിയ പതിനാലുകാരിയെ ഒരു ദിവസം ബൈക്കിൽ വീട്ടിൽ കൊണ്ടാക്കിയത് പതിനേഴുകാരനായിരുന്നു. ഇതു കണ്ടു പിടിച്ച വീട്ടുകാർ പെൺകുട്ടിയെ ഉപദേശിച്ചെങ്കിലും ഫലമുണ്ടാ യില്ല. ഇതിനിടെ പെൺകുട്ടി കാമുകനെ വിളിച്ചുവരുത്തി രാത്രിയിൽ ഒളിച്ചോടുകയായിരുന്നു. പുലർച്ചെമൂന്നോടെ ഉണർന്ന മാതാവ് മകളെ കാണാതെ വന്നതോടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ബന്ധുക്കളോടൊപ്പം ഇവർ പരാതിയുമായി കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിൽ എത്തി.നേരത്തെ കുട്ടിയെ ബൈക്കിലെത്തിച്ച പതിനേഴ് കാരനെ സംശയം തോന്നിയ വീട്ടുകാർ പോലീസുമൊന്നിച്ച് അങ്ങോട്ട് തിരിച്ചു . രാത്രിയിൽ തന്നെ വീടു തപ്പിപ്പിടിച്ച പോലീസ് ഒളിച്ചോടിയ പതിനാല് കാരിയും അവിടെയുണ്ടെന്ന് മനസിലാക്കി.ഇരുവരെയും പിടികൂടി സ്റ്റേഷനിൽ കൊണ്ടുവരാമെന്ന് കരുതിയ പോലീസിന് നേരെ ആക്രമണവുമുണ്ടായി.
ആക്രമത്തിൽ പരിക്കേറ്റെങ്കിലും പോലീസ് ബലപ്രയോഗത്തിലുടെ രണ്ടു പേരെയും സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ എത്തിച്ച ശേഷം സ്കൂൾ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഇരുവരുടെയും പ്രായം ഉറപ്പു വരുത്തി. പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കൃത്യനിർവഹണത്തിന് തടസം വരുത്തി പോലീസിനെ ആക്രമിച്ച കുറ്റവും പതിനേഴുകാരന് മേൽചുമത്തി.കേസെടുത്ത ശേഷംപെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടയച്ച ശേഷം പ്രതിയെ ജുവനൈൽ കോടതിയിലും ഹാജരാക്കി.