കടുത്തുരുത്തി: ചാറ്റിംഗിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽനിന്നും ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും കൂട്ടാളികളും പിടിയിൽ.
തൃശൂർ വാടാനപ്പള്ളി ഏങ്ങണ്ടിയൂർ പോളക്കൽ ഭാഗത്ത് മന്നത്ത് വീട്ടിൽ അക്ഷയ് ബാബു (21), വലയിൽ വീട്ടിൽ പ്രഗോഷ് ഗോപി, അയ്യാണ്ടി വീട്ടിൽ പ്രഗീൺ പ്രേമൻ (27) എന്നിവരാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
പോലീസ് പറയുന്നതിങ്ങനെ: പ്ലസ് വൺ വിദ്യാർഥിനി ഒരു വർഷമായി അക്ഷയ് ബാബുവുമായി അടുപ്പത്തിലായിരുന്നു. നിരന്തരം പെൺകുട്ടിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന അക്ഷയ് തനിക്കൊപ്പം ഇറങ്ങി വന്നാൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇതനുസരിച്ച് കഴിഞ്ഞ 28-ന് പുലർച്ചെ ഇയാൾ സുഹൃത്തുക്കളായ പ്രഗോഷും പ്രഗീണുമായി കാറിൽ പെൺകുട്ടിയുടെ വീടിനടുത്തെത്തി. ഈ സമയം ഇറങ്ങിവന്ന പെൺകുട്ടിയുമായി ഇവർ കാറിൽ വാടാനപ്പള്ളിയിലേക്ക് പോയി.
തുടർന്ന് അക്ഷയ് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിക്കൊപ്പം അക്ഷയ് ബാബുവിനെ വാടാനപ്പള്ളിയിൽ നിന്നും പോലീസ് പിടികൂടി.
തുടർന്ന് ഇവർക്ക് ഒളിച്ചോടുന്നതിന് സഹായം നൽകിയ പ്രഗോഷിനെയും പ്രഗിണിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.