തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്.
11 വര്‍ഷം മുമ്പ് കാണാതായ ഊരുട്ടമ്പലം സ്വദേശി വിദ്യ, മകള്‍ ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്.
വിദ്യയുടെ കാമുകൻ മാഹിന്‍ കണ്ണ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
2011 ഓഗസ്റ്റ് 18 നാണ് ഊരൂട്ടമ്പലത്തെ വീട്ടില്‍ നിന്ന് വിദ്യയെയും മകളെയും മാഹിൻ കണ്ണ് ഇറക്കിക്കൊണ്ട് പോയത്.
അന്നു തന്നെ വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻ കണ്ണ് പോലീസിന് നല്കിയ മൊഴി.
മാഹിന്‍ കണ്ണിന്റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പോലീസ് കണ്ടെത്തി.
കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പോലീസിന് ഉണ്ടായത്. 2011 ഓഗസ്റ്റ് 18ന് പൂവാറില്‍ തന്നെ ഉണ്ടായിരുന്ന മാഹിൻ കണ്ണ് വിദ്യയെയും രണ്ടര വയസുകാരി മകളെയും വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്ന് കള്ളം പറഞ്ഞു.
ഇതിൽ കൂടുതൽ അന്വേഷണം നടത്താതിരുന്ന മാറനെല്ലൂര്‍ പോലീസും പൂവാര്‍ പോലീസും അന്ന് അന്വേഷണം അട്ടിമറിച്ചു.
കേസിലെ ദൂരൂഹതയും പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം അട്ടിമറിച്ചതുമെല്ലാം പുറത്തുവന്നതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
ഇതിനു പിന്നാലെ മാഹിൻ കണ്ണിനെ വിശദമായി ചോദ്യം ചെയ്യുകയും കൊലപാതക വിവരങ്ങൾ പുറത്തുവരുകയുമായിരുന്നു.