കാമുകിമാരെ സന്തോഷിപ്പിച്ച് അവർക്കൊപ്പം പുറത്തു കറങ്ങി നടക്കാൻ പോലീസ് യൂണിഫോം ധരിച്ച നടന്ന 21കാരൻ പോലീസ് പിടിയിൽ. ഇന്തോനേഷ്യയിലെ സൗത്ത് സുമാത്രൻ സിറ്റിയിലെ പാലെംബാംഗ് സ്വദേശിയായ അരി സെപ്ഷ്യൻ പ്രതമാ എന്നയാളെയാണ് പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
തയ്യൽകടയിൽ നിന്നുമാണ് ഇയാൾ യൂണിഫോം സ്വന്തമാക്കിയത്. മാത്രമല്ല പോലീസുദ്യോഗസ്ഥരുടെ കൈവശമുള്ള ബാഡ്ജ്, യഥാർഥമെന്ന് തോന്നിപ്പിക്കുന്ന കളിത്തോക്ക് എന്നിവയും ഇയാളുടെ പക്കലുണ്ടായിരുന്നു.
ഡോ. ജൂലിയൻ സപുത്ര എന്ന പേര് സ്വീകരിച്ച ഇയാൾ തെക്ക്-കിഴക്കൻ സുലവെസിയിലെ റീജിയണൽ പോലീസ് ചീഫിന്റെ മകനാണ് താനെന്നും പോലീസിലെ ഫോറൻസിക് വകുപ്പിൽ ഡോക്ടറായി ജോലി ചെയ്യുകയുമാണെന്നുമായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നത്. യുവതികൾക്കൊപ്പം കറങ്ങുവാൻ മാത്രമാണ് താൻ ഇങ്ങനെ അഭിനയിച്ചതെന്നാണ് ഇയാൾ വ്യക്തമാക്കി.
ഇത്തരത്തിൽ നുണ പറഞ്ഞ് ഏകദേശം 10 യുവതികളുമായി താൻ ചങ്ങാത്തം കൂടിയിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ താൻ ആരുടെ പക്കൽ നിന്നും ഈ നുണ പറഞ്ഞ് പണം കൈക്കലാക്കിയിട്ടില്ലെന്നും പറയുന്നു. എന്നാൽ ഇയാളുടെ സുഹൃത്തുക്കളായ രണ്ടു യുവതികൾ, ഇയാൾ തങ്ങളുടെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചന്ന് ആരോപിക്കുന്നു.
സർക്കാർ ഉദ്യോഗസ്ഥർ, നഴ്സ്, ഡോക്ടർ എന്തിനേറെ പറയുന്നു വനിത പോലീസുദ്യോഗസ്ഥർ വരെ ഇയാളുടെ ചതിയിൽപ്പെട്ടിരുന്നു. ഇവരെ പറ്റിക്കുവാനായി വിലകൂടിയ കാറുകൾ വാടകയ്ക്ക് എടുത്തായിരുന്നു ഇയാൾ കറങ്ങിയിരുന്നത്.
ഒരു വെല്ലുവിളി ഏറ്റെടുത്താണ് താൻ ഇത്തരത്തിൽ പോലീസ് യൂണിഫോം ധരിച്ച് ആളുകളെ പറ്റിച്ചതെന്ന് ഇയാൾ പറയുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ കാമുകിമാരിലൊരാൾ പോലീസ് ഡിപ്പാർട്ട്മെന്റിൽ അന്വേഷിച്ചതിനെ തുടർന്നാണ് സത്യാവസ്ഥ പുറംലോകമറിഞ്ഞത്.