പ്രണയിനിക്ക് കാമുകന്മാർ വിശേഷപ്പെട്ട പല സമ്മാനങ്ങളും നൽകാറുണ്ട്. എന്നാൽ അത്തരമൊരു സമ്മാനം നൽകുവാനൊരുങ്ങി എട്ടിന്റെ പണി ലഭിച്ചയാളുടെ കഥയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ചൈനയിലെ ചെങ്ക്ഡു സ്വദേശിയായ ഒരാൾക്കാണ് ഈ അമളി പറ്റിയത്.
വിലകൂടിയ ഒരു പുതിയ കാർ വാങ്ങി നൽകാമെന്നാണ് ഇയാൾ കാമുകിക്ക് വാക്കു നൽകിയത്. എന്നാൽ അദ്ദേഹത്തിന്റെ കൈയ്യിൽ ഇതിനുള്ള പണം മുഴുവനും ഇല്ലായിരുന്നു. ഇതിനായി അദ്ദേഹം ഒരു മാർഗവും മനസിൽ കണ്ടിരുന്നു.
കാമുകിക്ക് വാക്ക് നൽകിയ ദിവസം അദ്ദേഹം അവരെയും രണ്ട് സഹോദരൻമാരെയും കൂട്ടി കാർ ഷോറൂമിലെത്തി. ഇവിടെ എത്തിയപ്പോൾ അദ്ദേഹം കാമുകിയോട് പറഞ്ഞു. പണം പൂർണമായും എന്റെ കൈവശമില്ല. നിങ്ങൾ അൽപ്പ സമയം കാത്ത് ഇരിക്കു ഞാൻ പണവുമായി ഉടൻ എത്താമെന്ന്.
ഉടൻ തന്നെ ഇവിടെ നിന്നും പോയ അദ്ദേഹം സമീപത്തുള്ള ഒരു കടയിൽ നിന്നും ഒരു കത്തി വാങ്ങി. അതിനുശേഷം സ്വന്തം കൈ അദ്ദേഹം മുറിക്കുകയും ചെയ്തു. എന്നിട്ട് ഉടൻ തന്നെ കാമുകിയെ വിളിച്ചു പറഞ്ഞു ഞാൻ പണവുമായി തിരികെ വരുന്ന സമയം മോഷ്ടാക്കൾ എന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണം കവർന്നുവെന്ന്. ഉടൻ തന്നെ കാമുകിയും സഹോദര·ാരും ഇവിടെ എത്തി. കാര്യങ്ങൾ ഇവിടെ കൊണ്ട് അവസാനിച്ചുവെന്ന് കരുതിയ അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും പ്രശ്നം കൈവിട്ടുപോയി.
സംഭവം കണ്ട് ഭയന്നു പോയ കാമുകി ഉടൻ തന്നെ കാര്യം പോലീസിനെ അറിയിച്ചു. മാത്രമല്ല അദ്ദേഹത്തെ പെട്ടന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പരിശോധിച്ച പോലീസിന് അസ്വഭാവികത തോന്നി അദ്ദേഹത്തെ ചോദ്യം ചെയ്തു. അപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യമായത്. അദ്ദേഹം നടന്നതെല്ലാം പോലീസിനോട് തുറന്നു പറഞ്ഞു.
അദ്ദേഹം ബോധപൂർവം നടത്തിയ നാടകമാണെന്ന് പൂർണമായി ബോധ്യപ്പെട്ട പോലീസ് അഞ്ഞൂറ് യുവാൻ ഇദ്ദേഹത്തിൽ നിന്നും ഈടാക്കുകയും പത്ത് ദിവസത്തെ ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു. എല്ലാം കള്ളത്തരമാണെന്നു മനസിലായ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചുവോ എന്ന് വ്യക്തമല്ല.