കടുത്തുരുത്തി: ഫേസ്ബുക്ക് വഴി പരിചയപെട്ടു പ്രണയത്തിലായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പോലീസിന്റെ പിടിയിൽ. 19 കാരനായ യുവാവാണ് പിടിയിലായത്. 17 കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
വയനാട് മാനന്തവാടി സ്വദേശിയായ മനുവാണ് അറസ്റ്റിലായത്. കടുത്തുരുത്തി ആയാംകുടി സ്വദേശിനിയാണ് പെണ്‍കുട്ടി. മാനന്തവാടിയിൽ നിന്നും പെണ്‍കുട്ടിയെ തേടി കടുത്തുരുത്തിയിലെത്തിയതാണ് യുവാവ്. തുടർന്ന് പെണ്‍കുട്ടിയുമായി ഇയാൾനാട് ചുറ്റുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേസമയം പെണ്‍കുട്ടിയും യുവാവും കടുത്തുരുത്തിയിലെ ഒരു ക്ഷേത്രത്തിലെത്തി മാലയിട്ട് വിവാഹിതരായെന്നും പോലീസ് പറയുന്നു. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു.
കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്ത് എത്തിയപ്പോൾ കൂട്ടുകാരിയാണ് യുവാവിനെ പരിചയപ്പെടുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞതായി പോലീസ് പറയുന്നു. വീട്ടുകാരുടെ പരാതിയിൽ പോക്സോ വകുപ്പ് അനുസരിച്ചു കേസെടുത്തതായും യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.