നീലേശ്വരം: ആഴമേറിയ ചാലിനു കുറുകേ കമുകിന്തടികളും മരക്കഷണങ്ങളും ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ തൂക്കുപാലത്തിലൂടെ അക്കര കടന്നിട്ടുള്ള അനുഭവം ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുമുമ്പ് എല്ലായിടത്തും സര്‍വസാധാരണമായിരുന്നു.
എന്നാല്‍ കോണ്‍ക്രീറ്റ് നടപ്പാലങ്ങളും ഇരുമ്പുകമ്പികള്‍ കൊണ്ടുള്ള തൂക്കുപാലങ്ങളും വ്യാപകമായിക്കഴിഞ്ഞ ഇക്കാലത്ത് ഇങ്ങനെയൊരു കാഴ്ച അപൂര്‍വം ഇടങ്ങളില്‍ മാത്രമേ ബാക്കിയുണ്ടാകൂ.
എന്നാല്‍ നീലേശ്വരം നഗരത്തില്‍നിന്നും അധികം ദൂരെയല്ലാതെ മടിക്കൈ പഞ്ചായത്തിലെ ചെരണത്തല പ്രദേശത്ത് അത് ഇപ്പോഴുമൊരു നിത്യയാഥാര്‍ഥ്യമാണ്.
മുങ്ങത്ത് – ചെരണത്തല പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാനൂരിച്ചാലിന് കുറുകെയാണ് കവുങ്ങിന്‍തടി കൊണ്ടുള്ള പാലം നിലനില്‍ക്കുന്നത്.
ഇവിടെ റോഡ് പാലം നിര്‍മിക്കാന്‍ 2019-20 വര്‍ഷം നബാര്‍ഡ് ഫണ്ടില്‍ നിന്ന് എട്ടു കോടി രൂപ അനുവദിച്ചിരുന്നതാണ്. സാങ്കേതിക തടസങ്ങളുടെ പേരുപറഞ്ഞ് ഒന്നും നടന്നില്ലെന്നു മാത്രം.
ചെരണത്തല ജിഎല്‍പി സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുകുട്ടികളുള്‍പ്പെടെ ഈ കമുകിന്പാലം കടന്നാണ് പോകുന്നത്.
ഇക്കൊല്ലം കോവിഡ് അവധിയായതുകൊണ്ട് രക്ഷിതാക്കളുടെ ആകുലതയ്ക്ക് അത്രയെങ്കിലും ആശ്വാസം കിട്ടി.
മഴക്കാലത്ത് ചാലില്‍ വെള്ളമുയര്‍ന്ന് പാലത്തിനൊപ്പമെത്തും. അപ്പോഴും അത്യാവശ്യഘട്ടങ്ങളില്‍ ജീവന് പണയംവച്ച് പാലം കടക്കുക മാത്രമാണ് മുന്നിലുള്ള വഴി.
കോണ്‍ക്രീറ്റ് പാലം കാണണമെങ്കില്‍ അഞ്ച് കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് കൊടുവക്കുന്നയിലോ നീലേശ്വരം മൂലപ്പള്ളിയിലോ എത്തണം.
വീതി കുറഞ്ഞ കമുകിന് പാലത്തിലൂടെ നടക്കുമ്പോള്‍ കാലൊന്നു പിഴച്ചാല്‍ പോലും ചാലിലേക്ക് വീഴും. ഒരുവര്‍ഷം മുമ്പ് അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന ഒരു കുട്ടി ഇങ്ങനെ വീണ് ഒഴുക്കില്‍ പെട്ടതാണ്.
മഴക്കാലമൊന്നും അല്ലാതിരുന്നത് ഭാഗ്യമായി. അമ്മ തന്നെ ചാലിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
റോഡ് പാലം നിര്‍മിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കാന്‍ സമീപത്തെ സ്ഥലമുടമകള്‍ സമ്മതപത്രമുള്പ്പെടെ നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി.