ചേർത്തല: വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ചേർത്തല നഗരത്തിലെ വ്യാപാരികളുടെ ആവശ്യത്തിനു പരിഹാരമാകുന്നു. നഗരഹൃദയമായ തെക്കേ അങ്ങാടിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനനിർമാണം ആരംഭിച്ചു. 300 മീറ്റർ നീളത്തിൽ 25 ലക്ഷം ചെലവഴിച്ചാണ് റോഡിന്റെ ഇരുവശങ്ങളിലും കാന പണിയുന്നത്.
പടിഞ്ഞാറ് ഭാഗത്ത് മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളിയുടെ തെക്ക് ഭാഗം മുതലും കിഴക്ക് ഭാഗത്ത് കുടുംബി റോഡ് മുതൽ തെക്കേ അങ്ങാടി കവല വരെയുമാണ് കാന ഒരുക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് ഉയർത്തി പുനർനിർമിച്ചതോടെ ജല നിർഗമനം നിലച്ച് കഴിഞ്ഞ മഴക്കാലത്ത് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
വെള്ളം കയറിയതോടെ വ്യാപാര സ്ഥാപനങ്ങൾ ദിവസങ്ങളോളം അടച്ചിടേണ്ടിയും വന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം വ്യാപാരികൾക്ക് നേരിടേണ്ടിവന്നത്. ഇതേതുടർന്ന് വ്യാപരികളടക്കം ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു.
കുടുംബി തോട്, തെക്കേ അങ്ങാടി കവലയിലെ എഎസ് കനാലുമായി ബന്ധിപ്പിക്കുന്ന കാന എന്നിവിടങ്ങളിലൂടെ പെയ്ത്തുവെള്ളം ഒഴുകി പോകാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. കാന നിർമാണം പൂർത്തിയാകുന്നതോടൊപ്പം റോഡിന്റെ ഇരുവശവും തറയോട് വിരിച്ച് മോടിപിടിപ്പിക്കും.
ഇതോടെ നഗരത്തിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുകയും മേഖലയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുകയും ചെയ്യും. ഒന്നര മാസത്തിനകം നിർമാണം പൂർത്തിയാക്കും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ വ്യാപാരികളുടെയും പ്രദേശവാസികളുടെ ഏറെ നാൾ നീണ്ട ദുരിതത്തിന് പരിഹാരമാകുമെന്ന് കൗണ്‍സിലർ ടോമി എബ്രഹാം പറഞ്ഞു.