കരുവന്നൂർ: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരുവന്നൂർ ചെറിയപാലത്തിനു സമീപം ആറുമാസം മുന്പ് ടാർ ചെയ്ത റോഡ് വീണ്ടും തകർന്നു. കഴിഞ്ഞ മഴകാലത്തിനു ശേഷം 35 ലക്ഷം രൂപയോളം ചെലവഴിച്ചാണ് റോഡ് ഉയർത്തി ടാറിംഗ് നടത്തിയത്.
റോഡ് തകർന്ന് അപകടങ്ങൾ ആരംഭിച്ചതോടെ ഇരുട്ടിൽ ഓട്ടയടയ്ക്കുന്നതുപോലെ റെഡിമെയ്ഡ് ടാറിംഗ് മിശ്രിതം ഉപയോഗിച്ച് റോഡ് അടച്ചെങ്കിലും വീണ്ടും കുഴി രൂപപ്പെട്ടു തുടങ്ങി.
തുടർച്ചയായി റോഡ് തകരുന്നതിനെ തുടർന്നു അഴിമതി നിരോധന നിയമപ്രകാരം വിശദീകരണം ആവശ്യപ്പെട്ട് അഡ്വ. പ്രമോദ് നിയമനടപടികൾക്കു മുന്പായി പിഡബ്ല്യുഡി അധികൃതർക്കു നോട്ടീസ് നല്കി.
ഇപ്പോൾ പനംങ്കുളത്തു നിന്നാരംഭിക്കുന്ന കനാലിലേയ്ക്കു വെള്ളം ഒഴുകി പോകാവുന്ന രീതിയിൽ ചെറിയപാലം മുതൽ കാന നിർമാണം ആരംഭിച്ചു.
റോഡിന്റെ നിർമാണത്തിൽ വൻ അഴിമതി നടക്കാതെ റോഡ് ആറുമാസം കൊണ്ടു തകരാൻ ഇടയാകില്ലെന്നും ആരോപണമുണ്ട്. ഏകദേശം 10 വർഷത്തോളമായി ഈ സംസ്ഥാനപാത പൂർണമായും ടാറിംഗ് നടത്തിയിട്ട്.
ഇടയ്ക്കിടെ നടത്തുന്ന അറ്റകുറ്റപണികൾക്കു മാത്രം ലക്ഷങ്ങളാണു ചെലവഴിക്കുന്നത്. അറ്റകുറ്റപണികൾ നടത്തിയ റോഡിലൂടെയുള്ള യാത്ര അത്രമേൽ ദുസഹവുമാണ്.