തൃക്കരിപ്പൂർ: കേരളത്തിലെ തീരദേശ കാവുകളിൽ ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ഇടയിലെക്കാട്ടിന്റെ തീരം മാലിന്യങ്ങളാൽ നിറയുന്നു. ഉത്തര മലബാറിലെ കണ്ണൂർ – കാസർഗോഡ് ജില്ലകളെ ബന്ധിപ്പിച്ചൊഴുകുന്ന കവ്വായികായലിനെ കണ്ടലുകളാലും ചെറുസസ്യജാലങ്ങളാലും ശുദ്ധീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്ന ഇടയിലെക്കാടിന്റെ പടിഞ്ഞാറൻ തീരമാണ് ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളി കടുത്ത മലിനീകരണ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
രാത്രിയിലും പകലുമായി ഇടയിലെക്കാട് പാലത്തിനടിയിലൂടെ തോണിയിൽ എത്തിച്ചാണ് കായലിനോട് ചേർന്ന് ഇടയിലെക്കാട് നോർത്ത് തുരുത്തിൽ മാലിന്യം തള്ളുന്നത്. അധികമാരും ശ്രദ്ധിക്കാത്ത മേഖലയായതിനാൽ പൊതുജനങ്ങൾ പെട്ടെന്ന് കണ്ടെത്തില്ലെന്ന ഉറപ്പിലാണ് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന തരത്തിൽ ഇവിടെ മാലിന്യം തള്ളുന്നത്.
ഏറെ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട വിവിധ തരം കണ്ടലുകളുടെ ചെടികൾ മുളച്ചു വരുന്ന അവസ്ഥക്ക് പൂർണ നാശം വരുത്തുന്ന തരത്തിലാണ് അവയ്ക്ക് മുകളിലേക്ക് ചാക്കുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. സപ്ലൈകോയുടെതുൾപ്പെടെ ആയിരക്കണക്കിന് പ്ലാസ്റ്റിക് കാരി ബാഗുകളും പാൽ പായ്ക്കറ്റുകളും ചാക്കുകളും വലിച്ചെറിയുന്നവയിൽപ്പെടും. ഇതു മാസങ്ങളായി തുടരുന്നതിനാൽ കണ്ടലുകൾക്ക് നാശം സംഭവിക്കുന്നു.
വലിയപറമ്പിലെ പഞ്ചായത്ത് അധികൃതരോ വില്ലേജ്- വനം വകുപ്പ് അധികൃതരോ പരിസ്ഥിതിക്ക് നാശം വരുത്തുന്ന ഇത്തരം പ്രവൃത്തികൾ കണ്ടതായും നടിക്കുന്നില്ല. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഇടയിലെക്കാട് കാവിന് ജൈവവൈവിധ്യ പൈതൃക പദവി നൽകുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടയിലാണ് കായലിനോട് ചേർന്ന് ഇടയിലെക്കാട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നത്. ഇവിടുത്തെ കാവിൽ പുൽവർഗം തൊട്ട് വന്മരങ്ങൾ വരെ 112 തരം സസ്യങ്ങളെ സർവേയിലൂടെ കണ്ടെത്തിയിരുന്നു.