ഗാന്ധിനഗർ: ശബരിമല ദർശനം നടത്തുമെന്ന് യുവതികൾ തീരുമാനമെടുത്തതു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഇന്നലെ പുലർച്ചെ ശബരിമല ദർശനം നടത്തിയ കോഴിക്കോട് എലക്കുളം നിളയിൽ ഹരിഹരന്റെ ഭാര്യ ബിന്ദു (40), പെരിന്തൽമണ്ണ അങ്ങാടിപ്പുറം കൃഷ്ണപുരിയിൽ കൃഷ്ണദാസിന്റെ ഭാര്യ കനക ദുർഗ (40) എന്നിവരാണ് ദർശനം നടത്തിയത്. കഴിഞ്ഞ 24നു പുലർച്ചെയാണ് ഇവർ ശബരിമല ദർശനത്തിനായി പന്പയിലെത്തിയത്.
തുടർന്നു പോലീസ് അകന്പടിയോടെ സന്നിധാനത്തേക്കു യുവതികളെ കൊണ്ടുപോയെങ്കിലും ശക്തമായ എതിർപ്പിനെത്തുടർന്ന് യാത്രാമധ്യേ കനകദുർഗയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും പോലീസ് ഇവരെ തിരികെ പന്പ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. 24ന് ഉച്ചകഴിഞ്ഞ് 2.30നു മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ ശബരിമല കർമസമിതിയുടെ പേരിൽ അത്യാഹിത വിഭാഗത്തിനു മുന്പിൽ നാമജപം ചൊല്ലി പ്രതിഷേധിക്കുകയും ഇവർക്കുനേരെ ചീമുട്ടയെറിയുകയും ചെയ്തിരുന്നു.
ചീമുട്ടയെറിഞ്ഞതിനു പോലീസ് കൃത്യനിർവഹണത്തെ തടസപ്പെടുത്തിയതിന്റെ പേരിൽ മൂന്നു സ്ത്രീകളെയും മൂന്നു പുരുഷന്മാരെയും ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ബിന്ദുവിനെയും കനകദുർഗയെയും അത്യാഹിതവിഭാഗം നിരീക്ഷണ മുറിയിലേക്കു മാറ്റി. തങ്ങളെ വിശ്രമിക്കുന്ന മുറിയിലേക്ക് എന്നു പറഞ്ഞാണു പോലീസ് സന്നിധാനത്തുനിന്നും തങ്ങളെ കൊണ്ടു പോന്നതെന്നും അതിനാൽ തിരികെ വിടണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
ഇവർക്കുനേരേ ആക്രമണമുണ്ടാകുമെന്ന ആശങ്കയിൽ രോഗങ്ങൾ ഒന്നും ഇല്ലെന്നു ഡോക്ടർമാർ പറഞ്ഞിട്ടും നീരീക്ഷണ വിഭാഗത്തിലെ സമയം കഴിഞ്ഞതോടെ അർധരാത്രിയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു ക്രിസ്മസ് ദിനത്തിൽ രാവിലെ വാർഡിൽ കഴിഞ്ഞിരുന്ന ഇവർ ശബരിമലയിൽ പോകുവാൻ അനുവദിക്കാത്തതിന്റെ പേരിൽ ഭക്ഷണം ബഹിഷ്കരിച്ചു.
ഭക്ഷണ ബഹിഷ്കരണം അറിഞ്ഞ ഉടൻ ജില്ലാ പോലീസ് ചീഫ് ബിന്ദുവുമായി ചർച്ച നടത്തി. തുടർന്ന് സന്ധ്യയോടെ ഡിവൈഎസ്പി കെ.പി. ശ്രീകുമാർ ആശുപത്രിയിലെത്തി യുവതികളെ കാണുകയും ശബരിമലയിലെ ഇപ്പോഴത്തെ തിരക്കിനുശേഷം നിങ്ങളെ അറിയിക്കാമെന്ന ഉറപ്പിന്മേൽ രാത്രി എട്ടോടെ ഇവർ മെഡിക്കൽ കോളജ് ആശുപത്രി വിടുകയും ചെയ്തു. ആശുപത്രി വിട്ട കനക ദുർഗ നാട്ടിലെത്തിയില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.