അങ്കമാലി: ശബരിമലയിൽ ദർശനം നടത്തി മടങ്ങിയ ബിന്ദുവും കനകദുർഗയും വിശ്രമിക്കാൻ അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി. നോർത്ത് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപത്തു താമസിക്കുന്ന ജോണ്സണ് എന്നയാളുടെ വീട്ടിലാണു വിശ്രമിക്കാനും വസ്ത്രങ്ങൾ മാറാനുമായി രാവിലെ പത്തോടെ എത്തിയത്.
ശബരിമല ദർശനം കഴിഞ്ഞു ബിന്ദു സുഹൃത്തായ ജോണ്‍സനെ ഫോണിൽ വീട്ടിലെത്തുന്ന വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യവാഹനത്തിലാണു യുവതികൾ കിടങ്ങൂരിലെ വീട്ടിലെത്തിയത്. ഇരുവരെയും വീട്ടിലാക്കിയശേഷം ഒപ്പമുണ്ടായിരുന്ന സഹായികൾ മടങ്ങി.
യുവതികളെത്തിയ വിവരം പുറത്തായതോടെ ബിജെപിയുടെയും ശബരിമല കർമസമിതിയുടെയും പ്രവർത്തകർ വീടിനു മുന്നിൽ തന്പടിച്ചു. തുടർന്നു പോലീസ് വീടിനു കാവൽ ഏർപ്പെടുത്തി. സിഐ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണു പോലീസ് സംഘമെത്തിയത്.
12.15നു പോലീസ് അകന്പടിയോടെ യുവതികൾ തൃശൂരിലേക്കു പോയി. ഇതിനു പിന്നാലെ ജോണ്സണ് ഉൾപ്പെടെയുള്ള വീട്ടുകാരും ഇവിടെ നിന്നു മാറി. ജോണ്‍സനും ഭാര്യയും മകനുമാണു വീട്ടിൽ താമസിക്കുന്നത്.
വീടിനു മുന്നിൽ പ്രതിഷേധിച്ച സമരക്കാർ പത്തു മിനിട്ടോളം മൂക്കന്നൂർ -ഏഴാറ്റുമുഖം റോഡ് ഉപരോധിച്ചു. രണ്ടരയോടെയാണു വീടിനു സമീപത്തുനിന്നു പ്രവർത്തകർ പിരിഞ്ഞുപോയത്. മൃഗസംരക്ഷണവകുപ്പിൽ നിന്നു വിരമിച്ച ജോണ്സണ് പരിസ്ഥിതി സംരക്ഷണ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.