കോട്ടയം: ശബരിമലയിൽ രണ്ടു യുവതികൾ ദർശനം നടത്തിയതിനു പിന്നിൽ കോട്ടയം പോലീസിന്റെ തന്ത്രപരമായ നീക്കം.ഇപ്പോൾ സന്നിധാനത്തെത്തി മടങ്ങിയ കനക ദുർഗയും ബിന്ദുവും ഒരാഴ്ച മുൻപ് മല ചവിട്ടാനെത്തി പ്രതിഷേധത്തെ തുടർന്ന് പിന്തിരിഞ്ഞവരാണ്. മരക്കൂട്ടം വരെ പോലീസ് സംരക്ഷണയിൽ എത്തിയ ഇവരെ ഭക്തജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് തന്നെയാണ് പിന്തിരിപ്പിച്ച് വിട്ടത്.
അന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചെന്നതിന്റെ പേരിൽ രണ്ടുപേരെയും ആദ്യം പന്പ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മല ചവിട്ടാതെ മടങ്ങില്ലെന്ന നിലപാടിൽ ആശുപത്രിയിൽ സമരം നടത്തിയ യുവതികൾ നിരാഹാരം അനുഷ്ഠിച്ച് പോലീസിനെ സമ്മർദത്തിലാക്കി. ആശുപത്രിയിലെ സമരം അവസാനിപ്പിക്കുന്നതിന് പോലീസ് വച്ച ഉപാധിയാണ് ഇവർക്ക് പിന്നീട് ദർശനം അനുവദിക്കാമെന്ന കാര്യം.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ആണ് അന്ന് യുവതികൾക്ക് ഇക്കാര്യത്തിൽ ഉറപ്പു നല്കിയത്. അന്ന് മെഡിക്കൽ കോളജ് വിട്ട യുവതികൾ പിന്നീട് വീട്ടിൽ എത്തിയില്ല. ഇവർ ഏതോ അജ്ഞാത കേന്ദ്രത്തിലായിരുന്നു എന്നാണ് മനസിലാക്കുന്നത്. ഇവർ വീട്ടിലെത്തിയില്ലെ്ലന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നല്കുക വരെ ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ഒരു നാടകമായിരുന്നോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്.
യുവതികളെ ശബരിമലയിൽ എത്തിക്കാമെന്ന പോലീസിന്റെ ഉറപ്പ് പാലിക്കുന്നതിന് ഏറ്റവും യോജിച്ച സമയം ഇന്നു പുലർച്ചെയാണെന്ന് പോലീസ് കരുതി. ഇന്നലെ എല്ലാവരുടെയും ശ്രദ്ധ വനിതാ മതിലിൽ ആയിരുന്നു. ഇന്നലെ രാത്രിയിൽ പന്പയിൽ എത്തിയ യുവതികൾ പോലീസിന്റെ സഹായത്തോടെയാണ് മല ചവുട്ടിയത്. സന്നിധാനത്തെത്തി മടങ്ങിയ ശേഷമാണ് ഇവർ തന്നെ ഷൂട്ട് ചെയ്ത മൊബൈൽ ദൃശ്യങ്ങൾ പുറത്തുവിട്ടത്.