അരീക്കോട്: സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണു കനകദുർഗ ശബരിമലയിൽ ദർശനം നടത്തിയതെന്നു സഹോദരൻ ഭരത് ഭൂഷണ്. ആചാരാനുഷ്ഠാനങ്ങളെ പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബമാണ് തന്റേതെന്നും സഹോദരിയുടെ നിലപാടിനോട് അങ്ങേയറ്റം വിയോജിക്കുന്നുവെന്നും ഭരത് ഭൂഷണ് പറഞ്ഞു.
കനകദുർഗയെ എങ്ങനെയെങ്കിലും ശബരിമലയിലെത്തിക്കണമെന്നും അതിനായി വേണ്ട കാര്യങ്ങളും സുരക്ഷയും ഒരുക്കാമെന്നും സിപിഎമ്മിന്റെ അരീക്കോട് ഏരിയ കമ്മിറ്റി നേതാക്കൾ തന്നോടു പറഞ്ഞതായും ഭരത് ഭൂഷണ് പറഞ്ഞു. ഇതിനാവശ്യമായ പോലീസ് സംരക്ഷണം നൽകാൻ കോട്ടയം എസ്പി ഹരിശങ്കറോടു ബന്ധപ്പെടുത്തിയതും ഈ നേതാക്കളാണ്.
മലപ്പുറത്തെത്തിച്ചാൽ അവിടെനിന്നു പൂർണ സംരക്ഷണയിൽ ശബരിമലയിൽ എത്തിക്കാമെന്നു കോട്ടയം എസ്പി പറഞ്ഞതിന്റെ ശബ്ദരേഖ തന്റെ കൈയിലുണ്ടെന്നും ഭരത് ഭൂഷണ് അവകാശപ്പെട്ടു.
അതേസമയം, കനകദുർഗയുടെ അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് ഇന്നലെ ശബരിമല കർമസമിതി നടത്തിയ പ്രകടനം പോലീസ് തടഞ്ഞു.