മലപ്പുറം: ശബരിമല ദർശനം നടത്തിയ കനകദുർഗയുടെ അങ്ങാടിപ്പുറത്തേയും അരീക്കോടിലേയും വീടുകൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. പ്രതിഷേധഭീഷണി മുൻനിർത്തിയാണ് കനകദുർഗയുടെ അരീക്കോട്ടെ കൊഴക്കോട്ടുരിലെ തറവാട് വീടിനും അങ്ങാടിപ്പുറത്തെ ഭർതൃഗൃഹത്തിനും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, കനകദുർഗ ശബരിമലയിൽ ദർശനം നടത്തിയതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിയില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞതവണ ദർശനം നടത്താൻ ശ്രമിച്ചപ്പോൾ കൊഴക്കോട്ടുരിലെ പൂത്തൊടിക വീട്ടിലേക്കു ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ബിജെപി, ആർഎസ്എസ്, യുവമോർച്ച പ്രവർത്തകർ മാർച്ചും നാമജപയാത്രയും നടത്തിയിരുന്നു.
ശബരിമല ദർശനത്തിനായി പുറപ്പെട്ട കനകദുർഗയെ കാണാനില്ലെന്നു കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. മീറ്റിംഗുണ്ടെന്നു പറഞ്ഞു 21നു വൈകിട്ടാണ് സപ്ലെകോ ജീവനക്കാരിയായ കനകദുർഗ വീട്ടിൽ നിന്നിറങ്ങിയത്. തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും കനകദുർഗയെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് കൃഷ്ണനുണ്ണി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്.
അതിനിടെ താൻ പോലീസ് സംരക്ഷണത്തിൽ സുഹൃത്തിന്റെ വീട്ടിലുണ്ടെന്നു ഫെയ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി കനകദുർഗ രംഗത്തെത്തുകയായിരുന്നു. സുരക്ഷാഭീഷണിയുള്ളതിനാൽ മാറിത്താമസിക്കുന്നതായാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ 24നു രാവിലെ കോഴിക്കോട് സ്വദേശി ബിന്ദുവിനൊപ്പം ശബരിമലയിലേക്ക് പോയ കനകദുർഗയെ സന്നിധാനത്തിന് സമീപം ചന്ദ്രാനന്ദൻ റോഡിൽ നിന്ന് തിരിച്ചിറക്കിയിരുന്നു.