കോഴിക്കോട്: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോലീസിന്റെ കനത്ത സുരക്ഷ . ഇന്നലെ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവിന്റെ മര്ദനമേറ്റിരുന്നുവെന്നാണ് പറയുന്നത്. പട്ടികകൊണ്ടു തലക്കടിയേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍കോളജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയിലും ഇവര്‍ കഴിയുന്ന വാര്‍ഡിലും ഏതെങ്കിലും രീതിയില്‍ അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസിനെ വിന്യസിപ്പിച്ചത്. ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഉണ്ടായാല്‍ മറ്റു രോഗികളേയും ആശുപത്രിയുടെ പ്രവര്‍ത്തനത്തേയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചത്.
നോര്‍ത്ത് അസി.കമ്മീഷണര്‍ ഇ.പി.പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സുള്‍പ്പെടെ 61 പേരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലും വിന്യസിപ്പിച്ചത്. പെരിന്തല്‍മണ്ണ താലുക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനെ തുടര്‍ന്ന് ഇന്നലെ തന്നെ സിറ്റി പോലീസ് കൂടുതല്‍ സേനാംഗങ്ങളെ ആശുപത്രിയില്‍ വിന്യസിപ്പിച്ചിരുന്നു.
ചികിത്സ കഴിയും വരെ മെഡിക്കല്‍കോളജില്‍ പോലീസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കനകദുര്‍ഗയും ബിന്ദുവുമായിരുന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്നിധാനത്തെത്തിയ ആദ്യ യുവതികള്‍ . ഇരുവരും ശബരിമല സന്ദര്‍ശിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തിയിരുന്നു.