പെരിന്തൽമണ്ണ: ശബരിമലയിൽ സന്ദർശനം നടത്തിയ കനകദുർഗ കനത്ത പോലീസ് കാവലിൽ ജോലിയിൽ പ്രവേശിച്ചു. സപ്ലൈകോയുടെ അങ്ങാടിപ്പുറത്തുള്ള താലൂക്ക് ഡിപ്പോയിലാണ് ഇവർ ജോലിക്കെത്തിയത്. ശബരിമല സന്ദർശനത്തിനു ശേഷം ആദ്യമായാണ് ഇവർ ജോലിക്കെത്തുന്നത്. ഇതുവരെ ആനമങ്ങാട് മാവേലി സ്റ്റോറിലാണ് അസി.സെയിൽസ് വിമൻ ആയി ജോലി ചെയ്തിരുന്നത്.
എന്നാൽ പ്രതിഷേധ സാധ്യത കണക്കിലെടുത്തു ഇവരെ അങ്ങാടിപ്പുറത്തേക്കു മാറ്റുകയായിരുന്നു. അസി.സെയിൽസ്വുമണ് തസ്തികയിൽ നിലവിൽ താലൂക്ക് ഡിപ്പോയിൽ ഒഴിവില്ല. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ഇവരെ ജോലിക്കു പ്രവേശിപ്പിക്കുകയായിരുന്നു.
ഓഫീസിനു പുറത്ത് വൈകിട്ട് ജോലി കഴിയുന്നതുവരെ പോലീസ് കാവൽ നിന്നു. വൈകിട്ട് പോലീസ് സുരക്ഷയിൽത്തന്നെ പെരിന്തൽമണ്ണയിലെ സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. ഭർതൃവീട്ടിൽ പ്രവേശിപ്പിക്കണമെന്നും കുട്ടികളോടൊപ്പം കഴിയാൻ സാഹചര്യം വേണമെന്നുമാവശ്യപ്പെട്ട് കനകദുർഗ നൽകിയ ഹർജി പുലാമന്തോൾ ഗ്രാമന്യായാലയം നാലിനു പരിഗണിക്കും.