പേരൂര്‍ക്കട: എല്ലാ സീസണിലും സഞ്ചാരികളുാടെ തിരക്ക് അനുഭവപ്പെടുന്ന തിരുവനന്തപുരം കനകക്കുന്നില്‍ തെരുവുനായ്ക്കള്‍ വിഹരിക്കുന്നു.
പ്രധാന കവാടം കടന്ന് മുന്നിലേക്കു ചെല്ലുമ്പോള്‍ കൊട്ടാരഭാഗം എത്തുന്നതിന് മുമ്പ് സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലാണ് ഇവ വിഹരിക്കുന്നത്.രാപ്പകല്‍ ഭേദമില്ലാതെയാണ് ഇരിപ്പിടങ്ങള്‍ ഇവ കൈയടക്കുന്നത്.
ഒഴിവുവേളകള്‍ ചെലവിടുന്നതിനും ഫോട്ടോ ഷൂട്ടുകള്‍ക്കും മറ്റുമായി നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്.പ്രത്യേകിച്ചും നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കനകക്കുന്ന് ജനനിബിഢമാകും.
ഈ അവസരങ്ങളില്‍ ഒരു ഇരിപ്പിടമന്വേഷിച്ചാല് അതില്‍ കിടന്നുറങ്ങുന്ന തെരുവുനായ്ക്കളെയാണ് കാണാനാകുന്നത്.വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതാണ് കനകക്കുന്നിലേക്ക് തെരുവുനായ്ക്കളെ ആകര്‍ഷിക്കുന്നത്.
തണല്‍പറ്റി കിടക്കാനാവശ്യമായ വൃക്ഷങ്ങള്‍ ഇതിനുള്ളിലുള്ളതും ഇവയെ ഇവിടെ ചേക്കേറാന്‍ പ്രേരിപ്പിക്കുന്നു.നഗരസഭയുടെ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തെരുവുനായ് ശല്യം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ.