തിരുവനന്തപുരം: ചിങ്ങവും ഓണവും അവധിക്കാലവും വഴിപിരിയാൻ ഒരു നാൾ കൂടി ശേഷിക്കെ അനന്തപുരിയിലെ ഓണക്കാഴ്ച കാണാൻ ജനപ്രവാഹം തുടരുന്നു. ഇന്നലെ രാവേറെയായിട്ടും കനകക്കുന്നും പരിസരവും സജീവമായിരുന്നു.
സന്ധ്യയ്ക്കു പെയ്ത ചാറ്റൽമഴ ആസ്വദിച്ചു നനഞ്ഞും വഴിയോരങ്ങളിലെ നിറക്കാഴ്ച കൺനിറയെ കണ്ടും വേദികളിലെ കലാവിരുന്ന് ആവോളം ആസ്വദിച്ചും ആഘോഷപ്പൂവിളിയുടെ ഒരു നാൾ കൂടി കഴിഞ്ഞു. നാളെ വർണശബളമായ സാംസ്കാരിക ഘോഷയാത്രയോടെ ഈ വർഷത്തെ ഓണാഘോഷത്തിനു സമാപനമാകും.
സന്ധ്യയ്ക്കു പെയ്ത മഴയ്ക്കു പിന്നാലെ നിശാഗന്ധിയിൽ പെയ്തിറങ്ങിയ രാത്രിമഴ സംഗീത നൃത്ത ശിൽപ്പമായിരുന്നു ഇന്നലെ ആസ്വാദക മനം കവർന്ന പ്രധാന പരിപാടി. അന്തരിച്ച ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സ്മരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ ശ്രീനിവാസ്, മധുശ്രീ തുടങ്ങിയ ഗായകരും മധുഗോപിനാഥ്, വക്കം സജീവ് എന്നീ നർത്തകരും വേദിയെ രാത്രിമഴയുടെ കുളിരണിയിച്ചു.
തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് സെൻട്രൽ സ്റ്റേഡിയത്തിൽ അവതിപ്പിച്ച മെഗാഷോയ്ക്ക് വൻ ജനത്തിരക്കായിരുന്നു. കനകക്കുന്നിലെ തിരുവരങ്ങ് വേദിയിൽ നടന്ന പുള്ളുവൻപാട്ട്, നിണബലി, പറയൻതുള്ളൽ, സോപാനം വേദിയിൽ നടന്ന പാഠകം, വാ ണിയക്കോലം, പരുന്താട്ടം, പൊറാട്ടുനാടകം, പാലസ് ഓഡിറ്റോറിയത്തിലെ സംഗീതികയിൽ നടന്ന വീണ, വോക്കൽ എന്നിവയ്ക്കും നിറഞ്ഞ സദസായിരുന്നു.
തീർഥപാദ മണ്ഡപത്തിൽ അരങ്ങേറിയ നളചരിതം മൂന്നാം ദിവസം കഥകളി, മാർഗി സജീവ് നാരായണൻ ചാക്യാരും സംഘവും അവതരിപ്പിച്ച ചാക്യാർകൂത്ത്, അയ്യങ്കാളി ഹാളിൽ തിരുവനന്തപുരം സ്വദേശാഭിമാനി അവതരിപ്പിച്ച നമ്മളിൽ ഒരാൾ എന്ന നാടകം, മ്യൂസിയം വളപ്പിലെ കളരിപ്പയറ്റ്, അമച്വർ നാടകം, വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടന്ന മോഹനിയാട്ടം, കുച്ചുപ്പുടി, തൈക്കാട് ഭാരത് ഭവനിലെ വേദിയിൽ അരങ്ങേറിയ ശാസ്ത്രീയ നൃത്തം എന്നിവയും നിറഞ്ഞ കൈയടിയേറ്റുവാങ്ങി.
ഇന്നും നാളെയും കൂടി ഇക്കൊല്ലത്തെ ഓണവിരുന്ന് ആസ്വദിക്കാം. ഇന്നു വൈകുന്നേരം അഞ്ചിന് കനകക്കുന്ന് കവാടത്തിൽ ചെണ്ടമേളം തുടങ്ങും. സന്ധ്യയാകുന്നതോടെ വഴിയോരങ്ങളിൽ വർണവിളക്കുകൾ മിന്നിത്തുടങ്ങും. കനകക്കുന്നിലും മ്യൂസിയത്തിലുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുള്ള 29 വേദികളിൽ ആഘോഷത്തിന്റെ പെരുമ്പറ മുഴങ്ങും. ഓണാവധിക്കാലത്തെ അവസാനത്തെ ഞായറാഴ്ച ആഘോഷമാക്കാൻ കുടുംബമായും കൂട്ടമായും ഈ വേദികളിലേക്ക് എത്താം. പ്രവേശനം തീർത്തും സൗജന്യമാണ്.
ഓണമേളം നഗരത്തിനു പുറത്തും
ഓണം വാരാഘോഷത്തോടാനുബന്ധിച്ച് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ നെയ്യർഡാമിലും നെയ്യാറ്റിൻകരയിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നെയ്യാർഡാമിൽ സജ്ജീകരിച്ചിരിക്കുന്ന അമ്യൂസ്മെന്റ് പാർക്കിൽ എല്ലാ ദിവസവും ആസ്വാദകരുടെ നീണ്ടനിര കാണാം. കൂടാതെ വിവിധ കലാ പരിപാടികളും വിൽപ്പനസ്റ്റാളുകളും സന്ദർശകരെ വരവേൽക്കുന്നു.
മെഡിക്കൽ എക്സിബിഷൻ, മ്യൂസിക്കൽ വാട്ടർഫൗണ്ടൻ, കാർണിവൽ ,മലബാർ ഭക്ഷ്യമേള തുടങ്ങിയവയാണ് നെയ്യാർ മേളയിലെ മറ്റു ആകർഷണങ്ങൾ. ചിന്താലയ വിദ്യാലയത്തിലെ വിദ്യാർഥിനികളുടെ സമൂഹതിരുവതിര കെടിഡിസി ചെയർമാൻ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
സി.കെ. ഹരീന്ദ്രൻ എംഎൽഎ മുഖ്യ അഥിതിയായിരുന്നു.ഡാമിന്റെ പ്രവേശനകവാടം മുതൽ ഉള്ളിലേക്ക് എല്ലാ വഴികളിലേക്കും ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. ഡാമിന്റെ മുകളിലും പ്രതിമകളിലും മരച്ചില്ലകളിലുമൊക്കെയായിട്ടാണ് വിവിധനിറത്തിലുള്ള ദീപപ്രപഞ്ചം സൃഷ്ടിച്ചിട്ടുണ്ട്.
ഡാമിൽ നിന്നു കുതിച്ചുവരുന്ന ജലത്തിൽ ഈ നിറങ്ങൾ പ്രതിഫലിക്കുന്നത് സന്ദർശകരെ ആശ്ചര്യപ്പെടുത്തുന്നു. ഓണാഘോഷത്തിനൊപ്പം ലയൺ സഫാരി പാർക്ക്,ചീങ്കണ്ണി പാർക്ക്, മാൻ പാർക്ക്, അക്വാറിയം, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും സന്ദർശകർക്ക് കണ്ണിന് കൗതുകമേകുന്നു. ഇന്ന് നടക്കുന്ന സമാപനസമേളനത്തോടെ നെയ്യർഡാമിന്റെ ഇത്തവണത്തെ ഓണാഘോഷം അവസാനിക്കും. നെയ്യാറ്റിൻകരയിൽ 22 വരെ മേള തുടരും.