കൊടകര: വിദേശത്തേക്കു ഉല്ലാസ യാത്ര പോകാൻ സ്വരൂപിച്ച തുക നിർധന വിദ്യാർഥികൾക്കായി ഓണ്‍ ലൈൻ പഠന സൗകര്യമൊരുക്കാൻ വിനിയോഗിച്ച് കനകമല സ്റ്റാർസ് ക്ലബ് മാതൃകയായി.
ഒന്നരലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ലബ് നിർധന വിദ്യാർഥികൾക്ക് ടിവിയും സ്മാർട്ട് ഫോണുകളും വാങ്ങി നൽകിയത്. 2019 നവംബർ മുതൽ മാസം തോറും ആയിരം രൂപ വീതം ഓരോ അംഗവും സ്വരൂപി ച്ചാണ് 2021 ൽ ദുബായ് യാത്ര പ്ലാൻ ചെയ്തിരുന്നത്.
ഈ യാത്ര ഉപേക്ഷിച്ചാണ് 20 വിദ്യാർഥികൾക്കാവശ്യമായ ടെലിവിഷൻ സെറ്റുകളും സ്മാർട്ട് ഫോണുകളും വാങ്ങിയത്.കനകമലയിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി വിതരണോദ്ഘാടനം നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് വർഗീസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചയത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ മുഖ്യാതിഥിയായി. കനകമല തീർഥാടന കേന്ദ്രം റെക്ടർ ഫാ.ജോയി തറയ്ക്കൽ, ഷോജൻ ഡി. വിതയത്തിൽ, ബിജു ചുള്ളി, ബൈജു അറയ്ക്കൽ എന്നിവർ സംസാരിച്ചു.