കോട്ടയം: ’പിറന്നുവീണ മണ്ണിൽ ഒരു തുണ്ടു ഭൂമി സ്വന്തമായി കിട്ടണമെന്നു വലിയ ആഗ്രഹമായിരുന്നു. സർക്കാർ പട്ടയം തരുന്നതോടെ അതു സാധിക്കും’.
സംസ്ഥാന സർക്കാരിന്റ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് നടക്കുന്ന പട്ടയമേളയിൽ തന്റെ നാലു സെന്റ് ഭൂമിയ്ക്കു പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് വെച്ചൂർ അംബേദ്കർ കോളനി നിവാസി പുത്തൻതറയിൽ കനകമ്മ.
നാളെ രാവിലെ 11.30ന് വൈക്കം താലൂക്ക് ഓഫീസ് കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കനകമ്മ പട്ടയം ഏറ്റുവാങ്ങുന്പോൾ 14 വർഷത്തെ ആഗ്രഹമാണ് സഫലമാകുക.
കനകമ്മയും രണ്ടു പെണ്മക്കളും നാലു കൊച്ചുമക്കളും അടങ്ങുന്ന കുടുംബം കോളനിയിലെ ഒറ്റമുറി വീട്ടിലാണ് താമസം.
ഭർത്താവ് ദേവരാജൻ മരിച്ചുപോയി. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഭവനപദ്ധതികൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. വിവാഹമോചിതരായ പെണ്മക്കളിൽ മൂത്തയാൾ സിന്ധു ഹൃദ്രോഗിയാണ്.
ഇളയ മകളായ സന്ധ്യ ദേവരാജൻ തയ്യൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. പക്ഷാഘാതം വന്നു ശാരീരിക അവശതയിലായ കനകമ്മയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തം പേരിൽ ഭൂമിയെന്നത്.
പട്ടയം കിട്ടുന്നതോടെ പരാധീനതകളേറെയുള്ള ഒറ്റമുറി വീട്ടിൽനിന്നും ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തിലേക്കു ഇനി എത്താനാകുമെന്നാണ് പ്രതീക്ഷയെന്നു കനകമ്മയും മക്കളും പറയുന്നു.