കാഞ്ഞങ്ങാട്: ഓരോ നേരങ്ങളിലും ദൈവം മനുഷ്യന് ചില നിമിത്തങ്ങള്‍ കാണിച്ചുതരും. അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സന്ദേശം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ ദൗത്യം. വളഞ്ഞ വഴികള്‍ നേരെയാക്കുകയെന്നും വിശാലമായ വീഥികളൊരുക്കുകയെന്നുമുള്ള ദൈവവചനമായിരുന്നു ജോസഫ് കനകമൊട്ടയുടെ ആപ്തവാക്യം.
അങ്ങനെ ചില നിമിത്തങ്ങളില്ലായിരുന്നെങ്കില് തീരെ ചെറുപ്രായത്തില്‍ സ്വന്തം നാട്ടില്‍ത്തന്നെ സര്‍ക്കാര്‍ ജോലി കിട്ടിയ ജോസഫിന് അന്ന് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കിട്ടുന്നവര്‍ക്കു മാത്രമായി തീറെഴുതിവച്ചിരുന്ന ഉത്തരമലബാറിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങി വരേണ്ട ആവശ്യമില്ലായിരുന്നു.
അന്ന് അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന മലബാറിന്റെ മലയോരമേഖലയിലെ കുടിയേറ്റഗ്രാമങ്ങളുടെ അവസ്ഥ ജോസഫിന്റെ മനസിനെ ഇരുത്തിച്ചിന്തിപ്പിച്ചു.
ഇവിടേക്ക് സ്ഥലംമാറ്റം വാങ്ങി വന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന് തോന്നിയതും അങ്ങനെയാണ്.
തൊട്ടടുത്ത വര്‍ഷംതന്നെ അന്നത്തെ അവിഭക്ത ഹൊസ്ദുര്‍ഗ് താലൂക്കിലേക്ക് സ്ഥലംമാറ്റം വാങ്ങിയെത്തി. തനിക്ക് അപകടം സംഭവിച്ച പൂക്കയത്ത് പൊതുജനപങ്കാളിത്തത്തോടെ ഒരു തൂക്കുപാലം നിര്‍മിക്കുകയായിരുന്നു ജോസഫിന്റെ ആദ്യ വികസനദൗത്യം. ഇപ്പോള്‍ തൂക്കുപാലത്തിന്റെ സ്ഥാനത്ത് റോഡുപാലം തന്നെ വന്നു.
1968-ല്‍ ഉത്തരമലബാറില്‍ ആദ്യമായി പാസഞ്ചേഴ്സ് അസോസിയേഷന് രൂപീകരിച്ച് മന്ത്രിമാരെയടക്കം ചെന്നുകണ്ട് പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിച്ചതായിരുന്നു അടുത്ത ചുവട്.
ഉത്തരമലബാറിലെ മലയോര കുടിയേറ്റഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി 1977-ല്‍ തലശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഒരു യോഗം വിളിച്ചിരുന്നു.
മലയോര വികസനസമിതിയുടെ ബീജാവാപം നടന്നത് ആ യോഗത്തില്‍ വച്ചാണ്. ആ യോഗത്തില്‍ ഇന്നത്തെ കാസര്‍ഗോഡ് ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ചുമതല ഏൽപ്പിച്ചത് ജോസഫ് കനകമൊട്ടയെയായിരുന്നു.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടറായി 1983-ല്‍ വിരമിച്ചതിനുശേഷം ജോസഫ് കനകമൊട്ടയുടെ മുഴുവന്‍ സമയവും വിനിയോഗിക്കപ്പെട്ടത് മലയോരജനതയ്ക്കായുള്ള സാമൂഹ്യസേവനങ്ങളില്‍ മാത്രമായിരുന്നു.
അതിനിടയില്‍ ഒരിക്കല്‍പ്പോലും സ്ഥാനമാനങ്ങളൊന്നും അദ്ദേഹത്തെ ആകര്‍ഷിച്ചതുമില്ല. ഒരു പഞ്ചായത്തംഗമോ സഹകരണബാങ്ക് ഡയറക്ടറോപോലുമാകാതെയും വിരമിച്ച സര്ക്കാരുദ്യോഗസ്ഥന് നാടിന്റെ വികസന നായകനാകാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.