തൊടുപുഴ: ജീപ്പിൽ നിന്നും തെറിച്ചു വീണ കുഞ്ഞ് അദ്ഭുതകരമായ രക്ഷപ്പെട്ട സംഭവത്തിൽ കഥ പുതിയ വഴിത്തിരിവിൽ. ജീപ്പിൽ നിന്നും വീണ കുഞ്ഞിനെ കണ്ടെത്തി രക്ഷപെടുത്തിയത് ഓട്ടോ ഡ്രൈവറാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഓട്ടോ ഡ്രൈവറിന്റെ സാന്നിധ്യം വ്യക്തമായത്.
ഇതുവരെ വനംവകുപ്പ് ചെക്ക്പോസ്റ്റിലെ വനപാലകരാണ് കുട്ടിയെ രക്ഷപെടുത്തിയതെന്നായിരുന്നു പുറം ലോകമറിഞ്ഞത്. ഇതിന്റെ പേരിൽ ഇവർ ഒട്ടേറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഒരു വയസുകാരിയെ പുതു ജിവിതത്തിലേക്ക് എത്തിച്ചത് മൂന്നാർ നയമക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കനകരാജായിരുന്നു.
സെപ്റ്റംബർ ഒൻപതിനു രാത്രിയിലായിരുന്നു സംഭവമുണ്ടായത്. പഴനിയിൽ നിന്നുള്ള മടക്കയാത്രക്കിടെ മൂന്നാർ രാജമല ചെക്ക്പോസ്റ്റിനു സമീപത്തു നിന്നാണ് കുഞ്ഞ് ജീപ്പിൽ നിന്നും വീണത്.
ജീപ്പിൽ നിന്നും കുഞ്ഞ് വീണതറിയാതെ മാതാപിതാക്കൾ യാത്ര തുടരുകയായിരുന്നു. വാഹനത്തിൽ നിന്നും വീണ കുഞ്ഞ് ചെക്ക്പോസ്റ്റിനടുത്തേക്ക് ഇഴഞ്ഞെത്തുന്നത് ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ദശ്യങ്ങളിൽ നിന്നാണ് വനപാലകരുടെ കണ്ണിൽപ്പെട്ടത്. എന്നാൽ വ്യക്തമായി ദൃശ്യമല്ലാതിരുന്നതിനാൽ കുട്ടിയാണെന്ന് വനംവകുപ്പ് വാച്ചർമാർക്ക് മനസിലായില്ല. കൂടാതെ വനമേഖലയായതിനാൽ പ്രേതബാധയെന്ന ഭയവും ഇവർക്കുണ്ടായിരുന്നു.
ഇതോടെയാണ് ചെക്ക് പോസ്റ്റിൽ വാഹനവുമായെത്തിയ കനകരാജിനോട് പോയി നോക്കാൻ ഇവർ ആവശ്യപ്പെട്ടത്. ഉടൻ തന്നെ കനകരാജ് പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് മുട്ടിലിഴഞ്ഞെത്തുന്ന കുഞ്ഞിനെ കണ്ടെത്തുന്നതും വനപാലകർക്ക് കൈമാറുന്നതും. കുഞ്ഞിന്റെ ശരീരത്തിൽ വസ്ത്രമില്ലാതിരുന്നതും നിലത്തു കൂടി ഇഴഞ്ഞു വന്നതു മൂലം മനുഷ്യ ജീവിയല്ലെന്നും മറ്റേതോ ജീവിയാണെന്നുമായിരുന്നു വനം വകുപ്പു ജീവനക്കാർ കരുതിയത്.
കൂടാതെ പ്രേതപ്പേടിയും ഇവർക്കുണ്ടായിരുന്നു. അതിനാൽ ആദ്യം പോയി നോക്കാൻ ഇവർ തയാറായില്ല. ഇതിനിടെ രാജമലയ്ക്ക് ഓട്ടം പോയി വന്ന കനകരാജ് ചെക്ക് പോസ്റ്റിൽ വാഹനം നിർത്തിയപ്പോൾ ഇഴഞ്ഞെത്തുന്ന കുഞ്ഞിനെ കാണുകയായിരുന്നു. അടുത്തു ചെന്ന് എന്താണെന്ന് ഉറപ്പു വരുത്താൻ കനകരാജിനോട് വനംവകുപ്പ് വാച്ചർമാർ ആവശ്യപ്പെടുകയായിരുന്നു.
കുട്ടിയാണെന്ന് വ്യക്തമായതോടെ ഓടിയടുത്ത കനകരാജ് കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ച് ചെക്ക്പോസ്റ്റിലെത്തിക്കുകയായിരുന്നു. മുറിവുകളിൽ നിന്നും ചോര തുടച്ച് മാറ്റി തോർത്തിൽ പുതഞ്ഞു. ഇതിനിടെ വനം ഉദ്യോഗസ്ഥരും വൈൽഡ് ലൈഫ് വാർഡനും സ്ഥലത്തെത്തി. മൂന്നാറിൽ നിന്നും പോലീസും എത്തിയതിനു ശേഷമാണ് കനകരാജ് മടങ്ങിയത്. നയമക്കാട് എസ്റ്റേറ്റ് ലയത്തിൽ ഭാര്യ ഇന്ദിരയോടും രണ്ടു മക്കളോടുമൊപ്പമാണ് കനകരാജ് താമസിക്കുന്നത്.