മങ്കൊന്പ്: തുടർച്ചയായ മൂന്നാം തവണയും മടവീഴ്ചയുണ്ടായ കൈനകരി പാടശേഖരത്തെ മടകുത്തൽ ജോലികൾ അനന്തമായി നീളുന്നതുമൂലം നാട്ടുകാരുടെ ജീവിതം ദുരിതക്കയത്തിൽ. മടവീഴ്ചയുണ്ടായി രണ്ടുമാസത്തോടടുക്കുന്പോഴും മടകുത്തൽ ജോലികൾ വൈകുന്നതു പാടശേഖരങ്ങൾക്കു സമീപത്തെ താമസക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിയിരിക്കുന്നു.
കനകാശേരി പാടശേഖരം മടവീണതിനെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയകരി, മീനപ്പള്ളി എന്നീ പാടശേഖരങ്ങളും വെള്ളത്തിനടിയിലായിരുന്നു. മൂന്നു പാടശേഖരങ്ങളുടെയും പരിസരത്തായി നാനൂറിലേറെ കുടുംബങ്ങളാണുള്ളത്.
പാടശഖരങ്ങളുടെ നടുവിലുള്ള തുരുത്തുകളിൽ മാത്രം 67 ഓളം കുടുംബങ്ങളുണ്ട്. പുരയിടത്തിലും വീട്ടിലും മാസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നതുമൂലം പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയാണ്. കൃഷിയില്ലാത്തതുമൂലം മാസങ്ങളായി ജോലിയും വരുമാനവുമില്ല. കുടിവെള്ളം കിട്ടാതായിട്ട് കാലങ്ങളേറെയായി. കുട്ടികൾക്കു സ്കൂളിൽ പോകാനാകില്ല.
മരിച്ചാൽ മൃതദേഹം മറവുചെയ്യാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും പോലുമാകാത്ത അവസ്ഥ പ്രദേശത്തെ ജീവിതം നരകതുല്യമാക്കി. മറ്റുള്ളവരെപ്പോലെ സർക്കാരിനു നികുതി നൽകുന്ന നൂറുകണക്കിനു കുടുംബങ്ങൾ ദുരിതത്തിൽ കഴിഞ്ഞിട്ടും സർക്കാരും ജനപ്രതിനിധികളും കണ്ണുതുറക്കാത്തതിൽ പ്രദേശവാസികൾ കടുത്ത അതൃപ്തിയിലാണ്. ഇപ്പോഴും മടകുത്തൽ പ്രാരംഭഘട്ടത്തിൽ തന്നെ നിൽക്കുന്നു.
പാടത്തെ വെള്ളം വറ്റിക്കുന്നതിനായി താല്കാലിക ബണ്ടിന്റെ നിർമാണത്തിന്റെ ഭാഗമായി കുറ്റിയടി ജോലികൾ ആരംഭിച്ചിട്ടു മൂന്നാഴ്ചയോളമാകുന്നു. ഇത്രയും ദിവസം കൊണ്ടു 40 മീറ്റർ നീളമുള്ള മടയ്ക്ക് ഇതുവരെ അന്പതിൽ താഴെ കുറ്റികൾ മാത്രമാണ് താഴ്ത്തിയിട്ടുള്ളതെന്നു നാട്ടുകാർ പറയുന്നു. ഇങ്ങനെ പോയാൽ താല്കാലിക ബണ്ടു പൂർത്തിയാകാൻ രണ്ടു മാസമെങ്കിലുമെടുക്കുമെന്നാണ് കർഷകർ പറയുന്നത്.
ഇരുവശവും കുറ്റികളടിച്ചശേഷം മുളകൾകീറി ബണ്ടിനുള്ള സംരക്ഷണവലയം തീർക്കണം. ഇതിനുശേഷം കട്ടയിറക്കി ബണ്ടുയർത്തണം. പിന്നീട് വെള്ളം പന്പുചെയ്തു പാടശേഖരത്തിലെ ജലനിരപ്പു താഴ്ത്തിയാലെ പുരയിടങ്ങളിൽനിന്നു വെള്ളമിറങ്ങുകയുള്ളു. സർക്കാരും ജനപ്രതിനിധികളും ഇടപെട്ടു നിലവിൽ നടക്കുന്ന ജോലികൾ വേഗത്തിലാക്കി തങ്ങളെ ദുരിതക്കയത്തിൽ നിന്നു കരകയറ്റണമെന്നാണ് പ്രദേശത്തെ കുടുംബങ്ങളുടെ ആവശ്യം.