തൃത്താല: രണ്ടുകിലോ കഞ്ചാവുമായി ഒരാളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തൃത്താല പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി.
തൃത്താല, പരുതൂർ സ്വദേശി അബ്ദുൾ നിസാറിനെ (കാണാക്കിളി-35) യാണ് രഹസ്യവിവരത്തെത്തുടർന്ന് തൃത്താല വെളളിയാംകല്ലിൽ വച്ച് പിടികൂടിയത്. ഇയാളുടെ കൈവശം പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറവിപണിയിൽ രണ്ടുലക്ഷം രൂപ വിലവരും.സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഐസ്പി സി.ഡി.ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിക്കെതിരെ മുന്പ് കുറ്റിപ്പുറം എക്സൈസിൽ കഞ്ചാവ് കേസ് നിലവിലുണ്ട്.
പട്ടാന്പി, തൃത്താല, കൂറ്റനാട്, ചാലിശ്ശേരി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കച്ചവടം നടത്തിവരികയായിരുന്നു നിസാർ. കച്ചവടത്തിനായി ഇടപാടുകാരെ കാത്ത് നില്ക്കുന്പോഴാണ് പോലീസിന്റെ പിടിയിലായത്.പ്രതിയെ കോവിഡ് പരിശോധനയ്ക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.
തൃത്താല സബ് ഇൻസ്പെക്ടർ എസ്.അനീഷ്, എഎസ്ഐ അബ്ദുൾ നാസർ, സിപിഒമാരായ പി.അനൂപ്, രമേഷ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ.സുനിൽ കുമാർ, കെ.അഹമ്മദ് കബീർ, കെ.ആർ.വിനീഷ്, ആർ.രാജീദ്, എസ്.ഷമീർ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.പി.സഹദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.