കല്ലടിക്കോട്: കനാൽപ്പാലത്തിനു സമീപം നൂറ്റാണ്ടിലേറെ പഴക്കമുള്ള കണക്കന്പാടം കുളം അധികാരികളുടെ നിസംഗതമൂലം നശിക്കുന്നതായി പരാതി. വർഷങ്ങൾക്കുമുന്പ് ഒന്നര ഏക്കർ ഉണ്ടായിരുന്ന കുളം കൈയ്യേറ്റം മൂലവും മാലിന്യങ്ങൾ നിക്ഷേപിച്ചതുമൂലവുമാണ് നശിക്കുന്നത്.
കാഞ്ഞിരപ്പുഴ കനാൽ നിർമ്മിക്കുന്നതിനുമുന്പു തന്നെ ഈ കുളം കുടിവെള്ളത്തിനായും കൃഷികൾക്കായും കുളിക്കാനായും മറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ കുളം ഇപ്പോൾ കാടുകയറി മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. ദേശീയ പാതക്കു സമീപം കനാലിന്റെ സമീപത്തുള്ള ഈ കുളത്തിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ കല്ലടിക്കോട് പോലീസിൽ പരാതി നൽകി.
കല്ലടിക്കോട്ടെ പ്രധാന ജലസംഭരണികളിലൊന്നായ കണക്കന്പാടം കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.