കാണക്കാരി: പുരയിടത്തിൽ വയോധികയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ മകന്റെ മദ്യപാനമാണു വില്ലനെന്നു സംശയം. മദ്യപിച്ച് ഇയാൾ അമ്മയെ മർദിക്കാറുണ്ടെന്നാണു നാട്ടുകാർ പറയുന്നത്.
രണ്ടു പെണ്മക്കൾക്കു ശേഷമുള്ള ഇളയ ആണ്കുട്ടിയായ ബിനുലാലിനെ ചിന്നമ്മ അളവറ്റ് സ്നേഹിച്ചിരുന്നു. മകന്റെ ഉപദ്രവം സഹിക്കാതെ വരുന്പോൾ ചിന്നമ്മയെ പെണ്മക്കൾ അവരുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ രണ്ടു ദിവസം കഴിയുന്പോഴേക്കും മകനെ കാണണം എന്ന ആഗ്രഹത്താൽ ചിന്നമ്മ തിരികെ വീട്ടിലേക്കുതന്നെ എത്തുകയാണ് പതിവ്.
മകന്റെ ഉപദ്രവം അസഹ്യമായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നാലു തവണ കുറവിലങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ രണ്ടു ദിവസം കഴിയുന്പോഴേക്കും ചിന്നമ്മ നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി മകന് എതിരെയുള്ള പരാതി പിൻവലിക്കുകയായിന്നു പതിവ്. സർക്കാരിൽനിന്നും കിട്ടുന്ന വാർധക്യ പെൻഷൻ ഉൾപ്പടെ ചിന്നമ്മ മകനെയാണ് ഏൽപ്പിച്ചിരുന്നത്.
മകന്റെ മദ്യപാനം അസഹ്യമായതോടെ ബന്ധുക്കൾ ഇയാളെ റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇവിടത്തെ ചികിത്സ പൂർണമാകും മുന്പുതന്നെ ചിന്നമ്മ സ്വന്തം ഇഷ്ടപ്രകാരം ബിനുവിനെ ഇവിടെ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോരുകയായിരുന്നു.
ബിനുലാലും മാതാവ് ചിന്നമ്മയും ഇവരുടെ വീട്ടിൽ വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം. ബിനുലാൽ വിവാഹിതനായിരുന്നെങ്കിലും മൂന്നു വർഷമായി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയിൽ അവസാന ഘട്ടത്തിലാണ്. മുന്പ്് 12 വർഷത്തോളം ഗൾഫിലായിരുന്ന ബിനുലാൽ മൂന്നു വർഷം മുന്പ് ജോലി നിർത്തി തിരികെ പോരുകയായിരുന്നു. പിന്നീട് ഇയാൾ സുഹൃത്തുക്കളുമായി സ്ഥിരം മദ്യപാനമായിരുന്നു.
ജീവിതം ദുസഹമാണെന്നും ഇത്തരത്തിൽ മുന്നോട്ട് പോകാൻ സാധിക്കുകയില്ലെന്നും പ്രാർഥനാ യോഗങ്ങളിൽ എത്തുന്പോൾ ചിന്നമ്മ പറഞ്ഞിരുന്നതായി അയൽവാസികൾ പറഞ്ഞു.
മൂന്നു വർഷം മുന്പ് ചിന്നമ്മയുടെ ഭർത്താവ് ജോസഫ് സ്കൂട്ടർ അപകടത്തിൽ മരിച്ചതിനുശേഷമാണ് ബിനുലാൽ ഇത്രയും രൂക്ഷമായ മദ്യപാനം തുടങ്ങിയതെന്നു ബന്ധുക്കൾ പറയുന്നു. സ്വത്തുക്കളൊക്കെ മദ്യപാനത്തിനായി ഇയാൾ വിൽക്കുകയായിരുന്നു. രണ്ട് കാറുകളാണ് ബിനു ഉപയോഗിച്ചിരുന്നത്. ഇതിലൊന്നായ ടൊയോട്ട കോറോള കാർ കാണക്കാരി ജംഗ്ഷനിലെ ബേക്കറിക്കു മുന്പിൽ ഇന്നലെ രാത്രി മുതൽ പാർക്ക് ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു.