കാണക്കാരി: വയോധികയെ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം സംഭവിച്ചത് തീപൊള്ളലേറ്റാണെന്ന് പോസ്റ്റ്്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ എങ്ങനെയാണ് ശരീരത്തിൽ തീ പിടിച്ചതെന്ന് വ്യക്തമല്ല. ആരെങ്കിലും തീ വച്ചതാണോ അതോ സ്വയം ചെയ്തതാണോ എന്നാണ് അറിയേണ്ടത്.
വിശദമായ റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത കൈവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മരണം നടന്നത് എപ്പോഴാണെന്ന് കൃത്യമായി പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമല്ല. 24 മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചതെന്നു മാത്രമാണ് ഫോറൻസിക് വിഭാഗം ഡോക്ടർ ഇപ്പോൾ പോലിസിനെ അറിയിച്ചിട്ടുള്ളൂ. കൃത്യമായ സമയം വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേ അറിയാൻ കഴിയൂ.
അമ്മയും മകനും തനിച്ചു താമസിക്കുന്ന വീട്ടുമുറ്റത്തെ വാഴത്തോപ്പിലാണ് കാണക്കാരി ആശുപത്രിപ്പടി പട്ടിത്താനം വിക്ടർ ജോർജ് റോഡിൽ പരേതനായ വാഴക്കാലായിൽ ജോസഫി(പാപ്പച്ചൻ)ന്റെ ഭാര്യ ചിന്നമ്മ(85)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മകൻ ബിനുരാജ്, ഇവരുടെ വീട്ടിൽ കൃഷിപ്പണികൾക്കെത്തുന്ന വിശ്വംഭരൻ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും മൊഴികളുടേയും അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ 9.30നാണ് ഈ വീട്ടുപുരയിടത്തിലെ കൃഷി ജോലികൾ നോക്കുന്ന വിശ്വംഭരൻ ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് ബിനുരാജ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
നേരത്തെ വാഹനപകടത്തിൽ ചിന്നമ്മയുടെ ഭർത്താവ് ജോസഫ് മരിച്ചിരുന്നു വിദേശത്ത് ജോലിനോക്കിയിരുന്ന മകൻ ബിനുരാജ് കുറച്ചുകാലമായി ചിന്നമ്മയ്ക്കൊപ്പംവീട്ടിലാണ് താമസം. ഇന്നലെ രാവിലെ പത്തോടെ മൂത്തസഹോദരി തങ്കമ്മയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് ഒരു മൃതദേഹം കത്തിയനിലയിൽ കണ്ടകാര്യം ബിനുരാജ് അറിയിച്ചിരുന്നു. തുടർന്ന് പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു.
കോട്ടയം എസ് പി ഹരിശങ്കർ, എഎസ്പി രേഷ്മ രമേശൻ, വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കുറവിലങ്ങാട് എച്ച്ഒ ആർ കുമാർ, എസ് ഐ ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും ലൈറ്ററും കണ്ടെടുത്തതായി പറയുന്നുണ്ട്. സാഹചര്യത്തെളിവുകളടക്കമുള്ളവ ശേഖരിച്ചുവരുന്നതായും പോലീസ് പറയുന്നു.