ഏറ്റുമാനൂർ: സാന്പത്തിക തർക്കത്തിന്റെ പേരിൽ കാണക്കാരിയിൽ ഹോട്ടൽ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമം. ഹോട്ടൽ നടത്തിപ്പുകാരൻ ഉൾപ്പെടെ രണ്ടുപേർക്കു പൊള്ളലേറ്റു. ഹോട്ടൽ നടത്തിപ്പുകാരൻ കോതനല്ലൂർ പാലത്തടത്തിൽ ദേവസ്യ (60), കാണക്കാരി പൊന്നമാക്കൻ ബേബി (ടി.പി. തോമസ് -72) എന്നിവർക്കാണു പൊള്ളലേറ്റത്.
ഇന്നലെ രാവിലെ 9.30 ന് കാണക്കാരി ജംഗ്ഷനു സമീപം ദേവസ്യ നടത്തുന്ന ഹോട്ടലിനാണ് ബേബി പെട്രോൾ ഒഴിച്ച് കത്തിച്ചത്. മുൻപ് ബേബിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാണ് ദേവസ്യ ഹോട്ടൽ നടത്തിയിരുന്നത്. നാലു വർഷം മുൻപ് ദേവസ്യ കടപുതുക്കി പണിയുകയും കെട്ടിടത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
പിന്നീട് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ ദേവസ്യ ഇതിനു സമീപം ഷിബു എന്നയാളുടെ കെട്ടിടത്തിലേക്ക് ഹോട്ടൽ മാറ്റി സ്ഥാപിച്ചു. എന്നാൽ പഴയ കെട്ടിടത്തിൽനിന്നും മുറി ഒഴിഞ്ഞു നൽകണമെങ്കിൽ കെട്ടിടത്തിന്റെയും കടമുറി നവീകരണത്തിനുമായി ചെലവാക്കിയ പണം തിരികെ നൽകണമെന്ന് ദേവസ്യ നിർബന്ധം പിടിച്ചതോടെ ഇരുവരും തമ്മിൽ തർക്കമായി.
ഒടുവിൽ വിദേശത്ത് ജോലി ചെയ്യുന്ന ബേബിയുടെ മകൻ 24ന് എത്തുമെന്നും അപ്പോൾ പണം തരാമെന്നും അതിനായി ഇന്നലെ പകൽ 11ന് കൂടികാഴ്ച നടത്തി കാര്യങ്ങൾ പറഞ്ഞ് ഒത്ത് തീർപ്പിൽ എത്താമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ ബേബി രാവിലെ 9.30 ഓടെ ഹോട്ടലിൽ എത്തി കന്നാസിൽ കരുതിയിരുന്ന പെട്രോൾ ദേവസ്യയുടെ ശരീരത്തിൽ ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു. പെട്ടന്ന് തന്നെ ദേവസ്യ കന്നാസ് തട്ടി മറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
എങ്കിലും ദേവസ്യക്കു പോള്ളലേറ്റു. തീ പടർന്നതോടെ കടയ്ക്കുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ആളുകൾ ഓടി പുറത്തിറങ്ങി. അടുക്കളയിലേക്കു തീപടർന്നങ്കിലും ഹോട്ടൽ ജീവനക്കാർ തീ വെള്ളമൊഴിച്ച് കെടുത്തിയിരുന്നെങ്കിലും കടയുടെ ഉള്ളിലെ തീ അണയ്ക്കാൻ സാധിച്ചിരുന്നില്ല.
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തിയിൽനിന്നു ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീ പിടിത്തത്തിൽ കാഷ് കൗണ്ടറുകളും രണ്ടുമുറികളും പൂർണമായും കത്തി നശിച്ചിരുന്നു. നഷ്ടം കണക്കാക്കിയിട്ടില്ല. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. പൊള്ളലേറ്റ ദേവസ്യയേയും ബേബിയേയും തെള്ളകത്തെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുരന്ത മൊഴിവായതു തലനാരിഴയ്ക്ക്
ഏറ്റുമാനൂർ: ഹോട്ടലിനു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ദുരന്ത മൊഴിവായത് തലനാരിഴയ്ക്ക്. ബേബി പെട്രോൾ ഒഴിച്ചു കത്തിച്ച സമയത്ത് ഹോട്ടലിനുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരുന്നു. മാത്രമല്ല തറയിലൂടെ പെട്രോളും തീയും പടർന്നതോടെ അടുക്കളയ്ക്ക് ഉള്ളിലേക്കു തീപടർന്നിരുന്നു. അടുക്കളയ്ക്കുളിൽ ഉപയോഗിക്കുന്ന നിലയിൽ പാചക വാതക സിലണ്ടറും മറ്റും ഉണ്ടായിരുന്നു.
എന്നാൽ ജീവനക്കാർ അടുക്കളയിലേക്ക് പടർന്ന തീ തടയുകയും ഗ്യാസ് സിലണ്ടറുകൾ മാറ്റുകയും ചെയ്തതോടെ വലിയ ദുരന്തം ഒഴിവായി. മാത്രമല്ല അടുത്തടുത്തായി നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഏറെ തിരക്കേറിയ ജംഗ്ഷനാണ് ഇത്. സമീപത്തെ കടകളിലേക്ക് തീപടരാതിരുന്നതും സമയോചിതമായി ഗ്യാസ് സിലണ്ടറുകൾ മാറ്റിയതിനാലും വലിയ ദുരന്തം ഒഴിവായി.