കൊച്ചി: പേരണ്ടൂര്‍ കനാലിന്റ ഇന്നത്തെ അവസ്ഥക്കു കാരണക്കാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെന്ന് ആരോപണം. മാലിന്യവാഹിയായി മാറിയ കനാല്‍ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്നു സമീപത്തെ റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. ശുദ്ധജലം ഒഴുകിയിരുന്ന കനാലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കോര്പ്പറേഷന് അധികൃതര്‍ക്ക് ഉള്‍പ്പെടെ ഇവര്‍ നല്‍കിയിരുന്നു. ഇതിലൊന്നും നടപടികള്‍ സ്വീകരിക്കാതെ കനാല്‍ ഉടന്‍ ശുദ്ധീകരിക്കുമെന്ന വാക്കു നല്കി പറ്റിക്കുകയായിരുന്നുവെന്നും സമീപവാസികള്‍ വ്യക്തമാക്കി.
കനാലില്‍ വിവിധ തരത്തിലുള്ള മാലിന്യം നിറഞ്ഞതോടെ സമീപ വീടുകളിലെ ജീവിതം ദുസ്സഹമാണ്. ഒഴുക്ക് നിലച്ചതോടെ കനാലിന്റെ ഭൂരിഭാഗം പ്രദേശത്തും മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കെട്ടികിടക്കുന്നു. പത്തു കിലോ മീറ്ററോളം ദൂരമുള്ള കനാലില്‍ കറുത്തിരുണ്ട നിലയിലാണു മലിനജലം കെട്ടികിടക്കുന്നത്. സാംക്രമിക രോഗങ്ങള്‍ പൊട്ടിപുറപ്പെടാന്‍ സാധ്യതയേറെയുള്ള പ്രദേശത്തു രാത്രികാലങ്ങള്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യങ്ങള്‍ തള്ളുന്നതും നിത്യസംഭവമാണ്. ചാക്കിലും കൂടുകളിലും നിറച്ചു തള്ളുന്ന മാലിന്യങ്ങള്‍ ഇവിടെ കെട്ടികിടക്കുന്ന നിലയിലാണ്.
തേവരയില്‍നിന്ന് ആരംഭിച്ച് ചിറ്റൂര്‍ പുഴയില്‍ അവസാനിക്കുന്ന കനാലിന്റെ ഇന്നത്തെ അവസ്ഥ വിവരിച്ച് ലിങ്ക് അവന്യൂ റെസിഡന്റ്സ് അസോസിയേഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി. മോഹനദാസ് സ്ഥിതി അതീവ ഗുരുതരമാണെന്നാണു വിലയിരുത്തിയത്.
അരമണിക്കൂറോളം കനാലിന്റെ വിവിധ പ്രദേശങ്ങള്‍ നിരീക്ഷിച്ച കമ്മീഷന് റെസിഡന്റ്സ്് അസോസിയേഷന് ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ഇരുവശങ്ങളില്‍ ബണ്ടുകള്‍ നിര്‍മിക്കുന്നതിനും മാലിന്യം നീക്കി കനാല്‍ ശുചിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അദ്ദേഹം പിന്നീട് പറഞ്ഞു.