വണ്ടിത്താവളം: കനാലിലെ കുത്തൊഴുക്കിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോയിലെ യാത്രക്കാരായ രണ്ടുകുട്ടികളും മൂന്നു സ്ത്രീകളും ഡ്രൈവറും ഉൾപ്പെടെയുള്ളവരെ രക്ഷിച്ച അഞ്ചുയുവാക്കളും മാതൃകയായി. തിങ്കളാഴ്ച വൈകുന്നേരം 5.45നാണ് വണ്ടിത്താവളം പള്ളിമൊക്ക് മേലെ എഴുത്താണി മണ്പാതവഴി സഞ്ചരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മൂലത്തറ ഇടതുകനാലിലേക്ക് ഓട്ടോ വീണത്. കനാലിൽ രണ്ടര സ്ലാബ് ഉയരത്തിൽ വെള്ളമുണ്ടായിരുന്നു.
സംഭവസ്ഥലത്തിന് എഴുപത്തിയഞ്ചു മീറ്റർ അകലെനിന്നിരുന്ന യുവാവാണ് ഓട്ടോമറിഞ്ഞത് ആദ്യം കണ്ടത്. തുടർന്നു യുവാവ് മേലേഴുത്താണി റിഥം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളെ വിളിയിച്ചറിയിച്ചു. ക്ലബിലുണ്ടായിരുന്ന മേലേഎഴുത്താണി സ്വദേശികളായ പരേതനായ സുന്ദരരാജന്റെ മകൻ വിഷ്ണു (33), നാരായണന്റെ മകൻ ബാബു (36), സഹോദരൻ അനീഷ് (32), രാജന്റെ മകൻ രാജേഷ് (28), മനോജ് (40) എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കനാലിലെ ഒഴുക്കിൽ മുങ്ങിതാഴ്ന്ന ഓട്ടോയിൽനിന്നും സാഹസികമായാണ് യുവാക്കൾ ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ യുവാക്കളുടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും വെള്ളത്തിൽ നഷ്ടപ്പെട്ടു.യുവാക്കളുടെ അവസരോചിതമായ പ്രവർത്തനമാണ് അഞ്ചുപേരുടെയും ജീവൻ രക്ഷിക്കാൻ കാരണമായത്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയവരും രക്ഷപ്പെട്ടവരുടെ കുടുംബാംഗങ്ങളും യുവാക്കളെ നേരിട്ടുകണ്ട് അഭിനന്ദിച്ചു.
ജീവൻ പണയപ്പെടുത്തി കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ആറുപേരെയും ആദരിക്കാൻ റിഥം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ തീരുമാനമെടുത്തു. ജില്ലാ ഭരണകൂട മേധാവികൾ ജീവൻ രക്ഷാപ്രവർത്തന പുരസ്കാരത്തിനു യുവാക്കളുടെ ധീരമായ പ്രവൃത്തിയെ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.