സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ഇരുപതടി താഴ്ചയുള്ള കനാലിലെ വെള്ളക്കെട്ടിൽ വീണ യുവാവിനെ മെഡിക്കൽ കോളജ് പോലീസ് രക്ഷപ്പെടുത്തി. ഇന്നു പുലർച്ചെയാണ് യുവാവിനെ പോലീസ് രക്ഷപ്പെടുത്തിയത്.വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പാർളിക്കാട് പട്ടച്ചിറക്കാവിൽ ഒരാൾ കനാലിൽ വെള്ളത്തിൽ വീണു കിടക്കുന്നുവെന്ന വിവരം അത്താണിയിലെ ഓട്ടോ ഡ്രൈവറായ ഷാജിയാണ് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ പുലർച്ചെ അറിയിച്ചത്.
സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നൈറ്റ് ഓഫീസർ എഎസ്ഐ ബിജു, സിപിഒ ഷംനാദ് എന്നിവർ ഇതറിഞ്ഞതോടെ പുലർച്ചെ രണ്ടരയോടെ സ്ഥലത്തെത്തി. മെഡിക്കൽ കോളജിനടുത്തു നിന്നും രണ്ടു കിലോമീറ്റർ മാറിയാണ് പട്ടച്ചിറക്കാവ് എന്ന സ്ഥലം. പോലീസുകാർ സ്ഥലത്തെത്തുന്പോൾ കൂരിരുട്ടായിരുന്നു. ആഴമുള്ള കനാലിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
പാഴ് വസ്തുക്കളും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്ന കനാലിൽ നല്ല ഒഴുക്കും ഉണ്ടായിരുന്നുവത്രെ. പുല്ല് നിറഞ്ഞുനിൽക്കുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. കനാലിൽ വീണ ആളെ കാണാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്ന പോലീസ് പറഞ്ഞു. എന്നാൽ ഇയാളുടെ ശബ്ദം കേൾക്കാൻ സാധിച്ചിരുന്നു. ആ ശബ്ദം വന്ന സ്ഥലം കണക്കുകൂട്ടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇരുപതടി താഴ്ചയിൽ നിന്ന് ഇയാളെ പുറത്തെത്തിക്കുക എളുപ്പമായിരുന്നില്ല. തുടർന്ന് പോലീസുകാർ ഫയർഫോഴ്സിന്റെ സഹായം തേടി. ഫയർഫോഴ്സെത്തി കയറിൽ വടം കെട്ടി ഏറെ പാടുപെട്ടാണ് ഇയാളെ പുറത്തെടുത്തത്. മദ്യപിച്ച ശേഷം നടന്നുവരികയായിരുന്ന ഇയാൾ അബദ്ധത്തിൽ വെള്ളം നിറഞ്ഞുകിടക്കുന്ന കനാലിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്.
പുലർച്ചെ ഓട്ടം പോയി തിരികെ വരുന്പോൾ കനാലിൽ നിന്ന് നിലവിളി കേട്ട് ഓട്ടോ ഡ്രൈവർ ഷാജിയാണ് വിവരം പോലീസിൽ അറിയിച്ചത്. കൃത്യസമയത്ത് പോലീസ് പുറപ്പെട്ട് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ കൈക്കൊണ്ടതുകൊണ്ടാണ് ഇയാളെ രക്ഷിക്കാനായത്. സമയവും പരിധിയുമൊന്നും നോക്കാൻ നിൽക്കാതെ ജീവൻ രക്ഷിക്കാൻ എത്തിയ മെഡിക്കൽ കോളജ് പോലീസ് മാതൃകയായിരിക്കുകയാണ്.