കൊല്ലങ്കോട്: കിണേറ്റിപ്പാടത്തെ മീങ്കര ബ്രാഞ്ച് കനാൽബണ്ടിന്റെ ജലച്ചോർച്ചമൂലം വട്ടച്ചിറ, കാരപ്പാറയിലേക്ക് വെള്ളമെത്തുന്നില്ലെന്നു പരാതി. കാലപഴക്കംമൂലം രണ്ടുവർഷംമുന്പാണ് ബണ്ട് തകർന്നത്. നിലവിൽ മടത്തുനാറ ഭാഗത്തേക്കു മാത്രമാണ് വെള്ളം ഒഴുകുന്നത്.
കർഷകർ പലതവണ ജലസേചന വകുപ്പ് അധികൃതരോട് ബണ്ട് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കിയിരുന്നു. സ്ഥലത്ത് പരിശോധനയ്ക്കെത്തി മടങ്ങിയ ജീവനക്കാർ ഒരുവർഷമായിട്ടും നടപടിയെടുത്തില്ല. നിലവിൽ വട്ടച്ചിറ ഭാഗത്തേക്ക് വെള്ളമെത്താത്ത സ്ഥിതിയാണ്.
വെള്ളം ഗതിമാറി ഒഴുകിയതിനാൽ കൂത്തന്പാക്കം റോഡിന്റെ അരികും ഇടിഞ്ഞുതുടങ്ങി. ഉൗട്ടറ, തണ്ണീർപന്തൽ ഭാഗങ്ങളിൽ ആയിരക്കണക്കിനു കുടുംബങ്ങളുടെ ഏക സഞ്ചാരമാർഗമായ റോഡിന്റെ അരികും ഇടിഞ്ഞു കിടക്കുകയാണ്. എത്രയുംവേഗം തകർന്ന കനാൽബണ്ട് നിർമിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ജലസേചന വകുപ്പ് ജില്ലാ മേധാവിക്ക് നിവേദനം നല്കാൻ ഒപ്പുശേഖരണം തുടങ്ങി.