ചിറ്റൂർ: നന്ദിയോട് ജംഗ്ഷനി്ൽ മൂലത്തറ ഇടതുകനാൽ ബണ്ടിന് വീണ്ടും തകർച്ചാഭീഷണി. കനാൽബണ്ടിന്റെ ഇരുവശത്തും വലിയ വൃക്ഷങ്ങൾ വളർന്നുപന്തലിച്ചു നില്ക്കുന്നതിനാൽ മിക്കയിടത്തും സ്ലാബുകൾ തകർന്നുകിടക്കുകയാണ്. കനാൽബണ്ടിന് വടക്കുഭാഗത്തായി ഒന്നര ഏക്കർ വിസ്തൃതിയിൽ കൃഷി ആവശ്യത്തിനുള്ള കുളമുണ്ട്.
കനാലിനും കുളത്തിനുമായുള്ള വീതികുറഞ്ഞ ബണ്ടിലാണ് വലിയമരം വളർന്നു ഏതുസമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലുള്ളത്. കുളത്തിനു താഴെയായി ഇരുപതിലേറെ വീടുകളുണ്ട്.
കനാൽ ബണ്ടിനു തകർച്ച നേരിട്ടാൽ വെള്ളം കുളത്തിൽ നിറഞ്ഞ് വീടുകളിലേക്ക് എത്താനും സാധ്യത ഏറെയാണ്. ഇതു രാത്രികാലത്തായാൽ അപകടസാധ്യതയുമേറും. രണ്ടുമാസംമുന്പ് വണ്ടിത്താവളം പാറമേട്ടിൽ ബണ്ട് തകർന്ന് വെള്ളം ഇരച്ചുകയറി മദ്രസ സ്കൂളും സമീപത്തെ വീടുകളിലേക്കും വെള്ളം കയറി നാശമുണ്ടായി.
കൂടാതെ നിർമാണത്തിലിരുന്ന കോളജ് കെട്ടിടത്തിന്റെ അസ്ഥിവാരവും തകർന്നു. അപകട സാധ്യതയെപ്പറ്റി സമീപവാസികൾ ജലസേചനവകുപ്പ് അധികൃതർക്കു നല്കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ബണ്ട് തകർന്നു വൻനാശമുണ്ടാകാൻ കാരണമായത്.
നന്ദിയോട്ടിലും കനാൽബണ്ടു തകർന്നാൽ കുളത്തിന്റെ ബണ്ടു തകർന്നു ശക്തമായ നാശമുണ്ടാകുമെന്നാണ് സമീപാസികളുടെ ആശങ്ക. ഇക്കഴിഞ്ഞ താലൂക്ക് വികസനസമിതിയോഗത്തിൽ കനാൽ ബണ്ടുകളിലെ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ ചെയർമാൻ കെ.ബാബു എംഎൽഎ നിർദേശം നല്കിയിരുന്നു.