കോടാലി: വീടിനു സമീപത്തെ മറ്റത്തൂർ ഇറിഗേഷൻ കനാലിൽ നിന്ന് മുറ്റത്തേക്ക് വെള്ളം ചോർന്നൊഴുകുന്നത് മാങ്കുറ്റിപ്പാടത്തെ കൃഷ്ണകുമാറിന്റെ കുടുംബത്തെ ഭീതിയിലാഴ്ത്തുന്നു. മഴക്കാലം വരുന്നതോടെ ചോർച്ച പെരുകി വീടിനു നാശമുണ്ടാകുമെന്ന ഭീതിയിലാണ് ഈ കുടുംബം.
മാങ്കുറ്റിപ്പാടം ശാന്തിനഗറിനു സമീപത്തെ മറ്റത്തൂർ ഇറിഗേഷൻ കനാലിനരികത്താണ് കൃഷ്ണകുമാറിന്റെ വീട്. കനാൽ നിരപ്പിനു താഴെയാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇതുമൂലമാണ് വെള്ളം വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്താൻ കാരണം.ഏതാനും വർഷം മുന്പ് ഇവിടെ കനാൽ ബണ്ട് ഇടിയുകയും വെള്ളം ചോർന്നൊഴുകുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് കരിങ്കൽച്ചീളുകളും പാറപൊടിയും ഇട്ട് ബണ്ട് ബലപ്പെടുത്തുകയും ചോർച്ച തടയുകയും ചെയ്തിരുന്നു. പിന്നീട് അധികൃതർ ബണ്ടിനു മീതെ ടാറിംഗ് നടത്തി റോഡ് നവീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബണ്ടിനടിയിലൂടെ വെള്ളം ചോർന്ന് കൃഷ്ണകുമാറിന്റെ വീട്ടുമുറ്റത്തേക്ക് കുത്തിയൊഴുകുകയാണ്.
വേനലിൽ ഇത്രയും ചോർച്ചയുണ്ടെങ്കിൽ മഴക്കാലം വരുന്പോൾ കനാൽ നിറഞ്ഞൊഴുകി കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന ആശങ്കയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുള്ളത്. ചോർച്ച പരിഹരിക്കാനും കനാൽബണ്ട് കോണ്ക്രീറ്റ് ചെയ്ത് ബലപ്പെടുത്താനും അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇറിഗേഷൻ അധികൃതർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഇവർ.