കാറളം: ചെമ്മണ്ട കായൽ പാടശേഖരത്തിലൂടെ കടന്നുപോകുന്ന കെഎൽഡിസി കനാലിൽ ചണ്ടിയും കാടും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിട്ട് വർഷങ്ങൾ. പുല്ലത്തറ പാലം മുതൽ ചെമ്മണ്ട പാലം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലാണു ഈ അവസ്ഥ. വർഷങ്ങളായി കനാലിന്റെ അവസ്ഥ ഇതാണ്.
കനാലിലെ ഈ “കൈയേറ്റം’ ഒഴിവാക്കാൻ അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യക്കാട് രൂപംകൊണ്ടതിനാൽ ഒഴുക്ക് നഷ്ടപ്പെട്ട് മരണത്തിന്റെ വക്കിലാണ് കെഎൽഡിസി കനാൽ.
കനാലിനുള്ളിൽ കാടും മരങ്ങളും നിറഞ്ഞതോടെ നീലക്കോഴികളുടെയും നീർനായ്ക്കളുടെയും ശല്യം രൂക്ഷമായി. കനാലിനു വടക്കുഭാഗത്ത് കൃഷിയിറക്കിയ രണ്ടുപേരുടെ നെല്ല് പൂർണമായും ഇവ നശിപ്പിച്ചുകളഞ്ഞു.
ചെമ്മണ്ട കടുംപാട്ട് പാടശേഖരത്തിൽ 140 ഏക്കറോളമാണ് കൃഷിസ്ഥലമുള്ളത്. പത്തു മീറ്ററോളം വളർന്നുനിൽക്കുന്ന ഈ കാടും മരങ്ങളും നീക്കംചെയ്ത് കെഎൽഡിസി കനാൽ ഉപയോഗ്യമാക്കിയാലേ അടുത്ത പൂവ് കൃഷി ചെയ്യാൻ കഴിയൂ. മാത്രമല്ല, ഈ പച്ചപ്പിൽ ജീവിക്കുന്ന ജീവികളുടെ ശല്യവും ഒഴിവാക്കാനാകൂ.
കനാൽ വൃത്തിയാക്കി കൃഷിയും കനാലും സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ന്യൂ ആരോമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പരിസരവാസികൾ കൃഷിമന്ത്രിക്കും എംഎൽഎയ്്്ക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി.
.